പെരുമഴയത്ത് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ പെരുമഴയത്ത് വിദ്യാര്‍ത്ഥികളെ സ്വകാര്യബസില്‍ കയറാന്‍ അനുവദിക്കാതെ ജീവനക്കാര്‍ തടഞ്ഞുവെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം. തലശ്ശേരി അസി. പൊലിസ് കമ്മിഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
ഒക്ടോബര്‍ 25ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സിഗ്മ ബസിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ അന്വേഷണമാരംഭിച്ചത്.

കഴിഞ്ഞ ദിവസം ബാലാവകാശകമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ്കുമാറും സംഭവത്തെ കുറിച്ച് തലശ്ശേരി പൊലിസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. വിദ്യാര്‍ത്ഥികളെ പെരുമഴയില്‍ നിര്‍ത്തിയ സംഭവം വൈറലായതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഇടപെടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ തിങ്കളാഴ്ച്ച രാവിലെ തലശ്ശേരി സബ് മോട്ടാര്‍ വാഹനവകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിയറിങില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെയും വിദ്യാര്‍ത്ഥികളുടെയും വിശദീകരണം തേടും.
ഇതിനിടെ വടക്കാഞ്ചേരിയിലെ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വാഹനാപകടം കുറക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇരുപതോളം ബസുകള്‍ക്ക് എതിരെ നിയമലംഘനത്തിന് കേസെടുത്തു.
തലശേരി, കണ്ണൂര്‍ ബസ് സ്റ്റാന്റ്, ഇരിട്ടി, മട്ടന്നൂര്‍ എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്. അമിത ശബ്ദം മുഴക്കുന്ന ഹോണുകള്‍, അനധികൃത സ്റ്റിക്കര്‍ പതിക്കല്‍ മറ്റു നിയമലംഘനം എന്നിങ്ങനെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇരുപത് ബസില്‍ മൂന്ന് ബസ് കെ എസ് ആര്‍ ടി സി ബസുകളും ഉള്‍പ്പെടും.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയില്‍ നടത്തിയ പരിശോധനയില്‍ 90 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു












Click it and Unblock the Notifications