തലശേരി ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കി; ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സ്പീക്കര്‍
തലശേരി: തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കിയത് രോഗികള്‍ക്ക് ആശ്വാസമായി. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ റാമ്പ്, ലേബര്‍ റൂം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ ജനറല്‍ വാര്‍ഡില്‍ 100 കിടക്കകളുടെയും ഏഴ് ഐസിയു ബെഡ്ഡിന്റെയും വര്‍ധനയാണുണ്ടായത്. ലയണ്‍സ് ക്ലബ് നല്‍കിയ നാല് ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ആശുപത്രിയില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയത്. നവീകരണം നടത്തിയ ആശുപത്രി സൗകര്യങ്ങളുടെ ഉദ്ഘാടനം തലശേരി മണ്ഡലം എംഎല്‍എ കൂടിയായ ഷംസീര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെഎം ജമുനാ റാണി അധ്യക്ഷയായി. ആശുപത്രിയില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന വാട്ടര്‍ ടാങ്ക്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ പ്രവൃത്തിയുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റും. ഭൂമിശാസ്ത്ര, സ്ഥലപരിമിതികളും സിആര്‍സെഡിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും തടസവും ആശുപത്രിയുടെ വികസനത്തെ ബാധിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം പിയൂഷ് നമ്പൂതിരിപ്പാട്, എന്‍എച്ച്എം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോക്ടര്‍ പി കെ അനില്‍കുമാര്‍ ലയണ്‌സ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത എന്നിവര്‍ മുഖ്യാതിഥികളായി.
നഗരസഭ വൈസ് ചെയര്‍മാന്‍ എംവി ജയരാജന്‍, ടികെ സാഹിറ ഫൈസല്‍ പുനത്തില്‍, കെപി രാജിവ്, ടികെ രജീഷ്, ജിഷി രാജേഷ്, കെപി മുഹമ്മദ് നസീബ്, ഡോക്ടര്‍ സികെ രാജീവ് നമ്പ്യാര്‍, ഡോക്ടര്‍ ഇ സജീവന്‍, എപിഎം നജീബ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ വികെ രാജീവന്‍ സ്വാഗതവും ഡോക്ടര്‍ വിഎസ് ജിതിന്‍ നന്ദിയും പറഞ്ഞു. തലശേരി മേഖലയിലെ നൂറ് കണക്കിനാളുകളാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്നത്.












Click it and Unblock the Notifications