കാണാതായ ഭര്‍തൃമതിയായ യുവതി കുട്ടികളെ കൂട്ടി ഒളിച്ചോടിയത് സ്ഥിരം കുറ്റവാളിക്കൊപ്പം
കണ്ണപുരം: കണ്ണപുരം പുഞ്ചവയലിലെ ഭര്‍തൃമതിയായ യുവതിയെയും രണ്ടുകുട്ടികളെയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കാമുകനൊടൊപ്പം തമിഴ്നാട് സേലത്തില്‍ നിന്നും പിടികൂടി. നീലേശ്വരം കാഞ്ഞിരപൊയില്‍ സ്വദേശിയായ അശോകന്റെ (46) കൂടെയാണ് യുവതി കുട്ടികളെയും കൂട്ടി ഒളിച്ചോടിയത്.
നീലേശ്വരം, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ അഞ്ചോളം ക്രിമിനല്‍ കേസില്‍ പ്രതിയായ അശോകനു വേണ്ടി ഹൊസ്ദുര്‍ഗ്, കണ്ണപുരം പൊലിസ് സംയുക്തമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിലെ സേലത്തിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൊസ്ദുര്‍ഗ് കോടതി പുറപ്പെടുവിപ്പിച്ച വാറന്‍ഡ് പ്രതിയാണ് അശോകന്‍.

പുഞ്ചവയലിലെ ഇരുപത്തിയേഴുകാരിയും രണ്ടുകുട്ടികളുമാണ് അശോകനൊപ്പം നാടുവിട്ടത്. സോഷ്യല്‍മീഡിയിലൂടെയാണ് യുവതി അശോകനുമായി പരിചയത്തിലാവുന്നത്. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന യുവതി കോഴ്സ് പൂര്‍ത്തിയായെന്നും കോളേജില്‍ സെന്റ് ഓഫാണെന്നും പറഞ്ഞാണ് കുട്ടികളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയും തിരിച്ചെത്താത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ നിന്ന് കാമുകനൊടൊപ്പം പോകുന്നതായി കാണിച്ച കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് കണ്ണപുരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് യുവതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്.












Click it and Unblock the Notifications