കണ്ണൂരില്‍ മഴക്കളളന്‍മാര്‍ വിലസുന്നു, മോഷണം പതിവാകുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുന്നു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മഴക്കളളന്‍മാര്‍ വിലസുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുന്നു. കാലവര്‍ഷം കനത്തതോടെ മോഷ്ടാക്കളുടെ എണ്ണം വര്‍ധിച്ചുവെന്ന് പോലീസ് കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരുമാസത്തിനിടെയില്‍ നിരവധി മോഷണങ്ങളാണ് നടന്നത്. ഇതില്‍ ഭൂരിഭാഗവും പൂട്ടിയിട്ട വീടുകളാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് മോഷണ സംഘങ്ങളെത്തുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജില്ലയില്‍ 493-ലധികം കവര്‍ച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ആസൂത്രിതമായി സംഘടിച്ച് നടന്ന കവര്‍ച്ചകളുമുണ്ട്. ഭവന ഭേദനം, കടകള്‍, ആരാധനാലയങ്ങള്‍ എന്നിവ കുത്തി തുറന്ന് മോഷണം എന്നിവയും നടന്നിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍ നിന്നുള്ള കവര്‍ച്ചക്കാരും മഴക്കാലത്ത് കണ്ണൂര്‍ജില്ലയിലെത്താറുണ്ട്. തിരുട്ട് ഗ്രാമത്തില്‍ നിന്നെത്തി നാലോ അഞ്ചോ സംഘമായി തിരിഞ്ഞ് വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്നിറങ്ങുകയാണ് പതിവ്.
തുടര്‍ന്ന് ഇതരസംസ്ഥാനതൊഴിലാളികളെന്ന വ്യാജേനെ പല വേഷത്തില്‍ പല ജോലികളുമായി പ്രത്യക്ഷപ്പെടും. രാത്രിയില്‍ ബസ് സ്റ്റാന്‍ഡുകളിലും പരിസരങ്ങളിലെ കട വരാന്തകളിലും കിടന്നുറങ്ങാന്‍ എത്തുന്ന ഇവര്‍ അവിടെ നിന്ന് ഓപ്പറേഷന്‍ നിശ്ചയിക്കും. പകല്‍ കണ്ടുവെച്ച വീടുകളിലാണ് കവര്‍ച്ച. കവര്‍ച്ച നടത്തിയാല്‍ രക്ഷപ്പെടേണ്ട വഴികളും മനസ്സിലാക്കിയിരിക്കും.
സായുധരായി ഇവര്‍ അര്‍ധരാത്രി കഴിഞ്ഞാണ് കവര്‍ച്ചക്ക് പുറപ്പെടുക. ആയുധങ്ങളും കരുതും. പരിസരം വീക്ഷിക്കാനും പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കാനും സംഘത്തിലെ ഒരാളെ ചുമതലപ്പെടുത്തും. ശേഷം കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന വീടിന്റെ അടുക്കള ഭാഗത്തെത്തും. മിക്ക വീടുകളുടെയും ദുര്‍ബലമായ വാതില്‍ അടുക്കള ഭാഗത്ത് ആയിരിക്കുമെന്ന് അനുഭവമാണ് ഈ ഭാഗത്ത് എത്താന്‍ പ്രേരിപ്പിക്കുന്നത്.
വാതിലിന്റെ ലോക്ക് ഇളക്കി മാറ്റുകയോ അല്ലെങ്കില്‍ മരത്തടിയില്‍ തുണി ചുറ്റി വാതിലില്‍ ശക്തമായി ഇടിക്കുകയോ ചെയ്യും. കനത്ത മഴ പെയ്യുന്ന ദിവസങ്ങളില്‍ ശബ്ദം പുറത്തറിയില്ല. കണ്ണൂരില്‍ ദമ്പതിമാരെ കെട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച ചെയ്തത് ഈ രീതിയിലാണ്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും അപായപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.കഴിഞ്ഞദിവസം
കൂത്തുപറമ്പില്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ച് സ്വര്‍ണമാല കവര്‍ന്നിരുന്നു. കൂത്തുപറമ്പ് പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവന്‍ മാലയാണ് അജ്ഞാതന്‍ കവര്‍ന്നത്. ജാനകിയുടെ മകനായ കേബിള്‍ ടിവി ഓപ്പറേറ്റര്‍ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഒരാള്‍ വീട്ടിലെത്തുകയായിരുന്നു. വീട്ടിനുളളില്‍ നിന്നാണ് ജാനകി സംസാരിച്ചത്.
ഷാജിയെ രണ്ട് ദിവസമായി ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതന്‍ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചു. വീണുപോയ ജാനകിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് ഓടുകയായിരുന്നു. പിടിവലിക്കിടെ താലിമാലയുടെ ഒരു ഭാഗം വീടിന്റെ വാതില്‍പ്പടിയില്‍ വീണിട്ടുണ്ട്. വെളള ഇരുചക്ര വാഹനത്തില്‍ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്നാണ് വീട്ടമ്മയുടെ മൊഴി.സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications