തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ടൂറിസം പദ്ധതി നടപ്പിലാക്കും: പിഎ മുഹമ്മദ് റിയാസ്
കല്യാശേരി: പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ ടൂറിസം പദ്ധതിയുടെ 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം ത്രിതല പഞ്ചായത്തുകളും വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ 21 രാജ്യങ്ങളിലെ 25 വ്‌ളോഗര്‍മാരെ കേരളത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒട്ടേറെ ടൂറിസം കേന്ദ്രങ്ങള്‍ ഇനിയും കേരളത്തില്‍ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ ഓരോ പ്രദേശത്തും ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ചെറുകുന്ന് താവത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയായി.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, വൈസ് പ്രസിഡണ്ട് ഡി വിമല, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ശ്രീധരന്‍ (ചെറുതാഴം), ടി നിഷ (ചെറുതാഴം), പി ഗോവിന്ദന്‍ (ഏഴോം), ഫാരിഷ ടീച്ചര്‍ (മാട്ടൂല്‍), കെ രതി (കണ്ണപുരം), ടി ടി ബാലകൃഷ്ണന്‍ (കല്ല്യാശ്ശേരി), കെ രമേശന്‍ (നാറാത്ത്) എന്നിവര്‍ സന്നിഹിതായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചര്‍, സിപി ഷിജു, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എ വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ അനിത, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഔഷധി ഡയറക്ടര്‍ കെ പത്മനാഭന്‍, ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ ഒ വി നാരായണന്‍, ടി ചന്ദ്രന്‍, പി വി ബാബു രാജേന്ദ്രന്‍, ബി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയില്‍ നിന്ന് 62 ലക്ഷം രൂപ വിനിയോഗിച്ച് പ്രീഫാബ് ടെക്നോളജിയിലാണ് ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചത്. സില്‍ക്ക് കണ്‍സള്‍ട്ടന്‍സിയായി കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് മാസം കൊണ്ടാണ് ഹാളിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications