ട്രെയിന്‍ മാര്‍ഗം അജ്മീറില്‍ നിന്നും മയക്കുമരുന്ന് കടത്തിയ രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: ട്രെയിന്‍ മാര്‍ഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള മയക്കുമരുന്ന് കടത്തിനെതിരെ കണ്ണൂരില്‍ എക്സൈസ് നടപടി ശക്തമാക്കി. ഇതേതുടര്‍ന്ന് രാജസ്ഥാനിലെ അജ്മീറില്‍ നിന്നും അതീവ മാരക മയക്കുമരുന്ന് ട്രെയിനില്‍ കടത്തുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.
കോഴിക്കോട് സ്വദേശികളാണ് രണ്ട് പേരും. 5.82-ഗ്രാം മയക്കുമരുന്നുമായി മരുത്സാഗര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന കൊയിലാണ്ടി താലൂക്കിലെ പയ്യോളിയിലെ പുതിയോട്ട് വീട്ടില്‍ ഫഹദ്(32) വടകര മേപ്പയല്‍ റോഡില്‍ വലിയപറമ്പത്ത് വീട്ടില്‍ സനൂപ്(23) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും കണ്ണൂര്‍ എക്‌സൈസും സംയുക്തമായാണ് ഇവരെ പിടികൂടിയത്.

60 ചെറിയ പൊതികളിലായി 5.82 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പ്രതികളില്‍ നിന്നും പിടികൂടിയത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്. അജ്മീറില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തിയിരുന്ന പ്രതികളെ കഴിഞ്ഞ ഒരു മാസക്കാലമായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.
പോക്‌സോ കേസില്‍ പ്രതിയാണ് ഫഹദ്. സനൂപ് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്നയാളാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ.സി ഷിബു എന്നിവരായിരുന്നു റെയ്ഡ് നടത്തിയത്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇവരെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടുന്നതിനായി കഴിഞ്ഞ കുറെക്കാലമായി എക്സൈസും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനകം മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായത്. എക്സൈസ് റെയ്ഡില്‍ ഭൂരിഭാഗവും പിടികൂടുന്നത് വന്‍തോതിലുളള കഞ്ചാവ് ശേഖരവമാണ്.
കൂടുതലും കുടുങ്ങുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം തലശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമായി പത്ത് കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിലായിരുന്നു. റെയ്ഡ് ഭയന്ന് കഞ്ചാവ് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളയുന്നവരുമുണ്ട്. ഇത്തരത്തില്‍ ഉടമകളെ കണ്ടെത്താന്‍ കഴിയാത്ത കേസുകളിലും എക്സൈസ് അന്വേഷണം നടത്തിവരുന്നുണ്ട്.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡാന്‍സെഫും ലോക്കല്‍ പൊലിസും അതിര്‍ത്തികളിലൂടെ റോഡ് മാര്‍ഗം വഴിയുളള മയക്കുമരുന്ന് കടത്തിനെതിരെ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയില്‍ പൊലീസും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications