പൊലീസ് സ്റ്റേഷനില്‍ മയക്കുമരുന്നിന് അടിമയായ യുവാവിന്റെ അക്രമം; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാരക മയക്കുമരുന്നായ എംഡിഎംഎക്ക് അടിമപ്പെട്ട യുവാവ് അക്രമാസക്തനായി വെട്ടുകത്തിയുമായെത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വ്യാപക അക്രമം നടത്തുകയായിരുന്നു.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അത്താഴക്കുന്നില്‍ താമസിക്കുന്ന വി. അസീബാണ് (27) പൊലീസുകാര്‍ക്ക് നേരെ കത്തി വീശിയും ജനല്‍ ചില്ല് അടിച്ചു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരിക്കടിമയായ യുവാവ് തന്നെ നിരന്തരം മര്‍ദിക്കുന്നതായി അസീബിന്റെ ഉമ്മ പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് തന്റെ സാധനങ്ങള്‍ എടുത്തു കൊണ്ടുപോകാന്‍ സഹായിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് ഞായറാഴ്ച്ച വൈകുന്നേരം അസീബ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ സുജിത്ത്, സി. പി. ഒ നവീന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കണ്ണൂര്‍ ടൗണ്‍ എ.എസ്.ഐ നസീബിന്റെ നേതൃത്വത്തില്‍ അസീബിനെ സാഹസികമായി കീഴടക്കി ലോക്കപ്പിലടക്കുകയായിരുന്നു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയാണ് അസീബ് ഇതു ലഭിക്കാതെ വരുമ്പോഴാണ് ഇയാള്‍ അക്രമാസക്തനായി മാറുന്നതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ നഗരത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ പണ്ടത്തെ പോലെയുള്ള ഒഴുക്ക് ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ പലരും വിഭ്രാന്തിയിലായിരിക്കുകയാണ്. ഇത്തരക്കാരെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications