ലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികള്‍
കണ്ണൂര്‍: കണ്ണൂരില്‍ ലഹരിയുമായി നിരവധി കേസുകളിലെ പ്രതിയായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മയക്കുമരുന്ന് വിപണനത്തില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ തലശേരിയില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയില്‍നിന്ന് യുവാവ് പിടിയിലായത്.
തലശ്ശേരി എംഎം റോഡിലെ പൊന്‍മാണിച്ചി വളപ്പില്‍ വീട്ടില്‍ റപ്പു എന്നു വിളിക്കുന്ന പിവി റഫ്നാസാണ് (31) അറസ്റ്റിലായത്. 50 മില്ലിഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. തലശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറും സംഘവും പിന്നാലെ ഓടിയാണ് യുവാവിനെ എംഎം റോഡില്‍നിന്ന് പിടികൂടിയത്. പ്രിവന്റിവ് ഓഫിസര്‍ വി.കെ. ഷിബു, സുധീര്‍ വാഴവളപ്പില്‍, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) ഷെനിത്ത് രാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ലെനിന്‍ എഡ്വേര്‍ഡ്, വി.കെ. ഫൈസല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ജസ്ന ജോസഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് റഫ്നാസെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ലഹരി ഉല്‍പന്നങ്ങളായ ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയവ ട്രെയിന്‍ മാര്‍ഗം വഴി എറണാകുളത്ത് എത്തിച്ച് അവിടെ നിന്ന് ബസ് മാര്‍ഗം തലശ്ശേരിയില്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട റഫ്നാസ് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ പാപ്പിനിശ്ശേരി സ്വദേശി സിഎം തഷ്ബീറിനെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവിധ സ്റ്റേഷനുകളിലായി ആറിലധികം കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിനങ്ങളിലും മയക്കുമരുന്ന് കണ്ടെത്താന്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.












Click it and Unblock the Notifications