കണ്ണൂരിനെ വിറപ്പിച്ച് വീണ്ടും കാട്ടാന, രക്ഷപ്പെടുന്നതിനിടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു
ഇരിട്ടി: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ വിളയാട്ടം. ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് എരുതുകടവിന് സമീപത്തെ റോഡില്‍ വെച്ചു ആനയെ മത്സ്യവില്‍പനക്കാര്‍ കണ്ടത്. പിന്നീട് ആന കേയാപ്പറമ്പ് വഴി ടൗണിലെത്തുകയായിരുന്നു.
ടൗണിനോട് അന്‍പതുമീറ്റര്‍ ദൂരത്തില്‍ ലത്തീന്‍ പളളിക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച ആന അവിടെ തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ രാവിലെ 11 മണിയോടെ ഉളിക്കല്‍ടൗണില്‍ കടകള്‍ അടച്ചിട്ടു. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളിക്കലിലേക്ക് എത്തുന്ന വഴികള്‍ പൂര്‍ണമായും പൊലിസ് അടച്ചിട്ടുണ്ട്.

ആന ഓടിച്ച ഉളിക്കല്‍ സ്വദേശികളായ തോര്‍ത്ത് പുത്തന്‍ പുരയില്‍ സജീവനെ (55) പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന മണിപ്പാറ സ്വദേശി സജീര്‍, ബോബി കല്ലുവയല്‍ എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. ആനയുടെ മുന്‍പില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉളിക്കല്‍ ടൗണില്‍ നിലയുറപ്പിച്ച ആനയെ കൂടുതല്‍ പ്രകോപിതനാക്കാതിരിക്കാന്‍ ജനങ്ങള്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആന ടൗണിന് സമീപം നിലയുറപ്പിച്ച പ്രത്യേക സാഹചര്യത്തില്‍ ഉളിക്കലിലേക്കുളള റോഡ് അടച്ചതായി ഉളിക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സുധീര്‍ കൊല്ലന്‍ അറിയിച്ചു. അടുത്ത പ്രദേശങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ ഉളിക്കലിലേക്ക് എത്തുന്നത് കൂടുതല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുളളത് കൊണ്ടാണ് ഉളിക്കലിലേക്ക് വരുന്ന പ്രധാന വഴികള്‍ എല്ലാം പൊലിസ് ബാരിക്കേഡ് വെച്ച് അടച്ചത്.
കൂട്ടം തെറ്റിയ കാട്ടാനയാണ് ഉളിക്കല്‍ ടൗണിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. കര്‍ണാടക വനത്തില്‍ നിന്നും പെരുങ്കരി വഴിയാണ് കൊമ്പനാന ഉളിക്കലിലേക്ക് എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്. ഇരിക്കൂര്‍ മണ്ഡലം എംഎല്‍എ സജീവ് ജോസഫും മറ്റ് ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എകെ.ശശീന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തില്‍ ജനക്കൂട്ടം ഉണ്ടാവരുത്.
ആളുകള്‍ കൂടുന്നത് ഈ ഓപ്പറേഷന്‍ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതിനും ആന പ്രകോപിതനാകാനും ഇടവരുത്തും. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. എന്നാല്‍ പിടികൂടാന്‍ സാധ്യമല്ലാതെ വന്നാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് പെരുങ്കരിയില്‍ വെച്ചു ജസ്റ്റിനെന്ന യുവാവിനെ കാട്ടാന അതിക്രൂരമായി ചവിട്ടിക്കൊന്നിരുന്നു. ദേവാലയത്തില്‍ ഭാര്യയോടൊപ്പം ബുളളറ്റില്‍ പോകുമ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഭീതിമാറും മുന്‍പെയാണ് മറ്റൊരു കൊമ്പന്‍ കൂടി ഈ പ്രദേശത്ത് ഭീതി വിതക്കുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ഉളിക്കലിനടുത്തെ പുറവയല്‍ പ്രദേശത്തും കാട്ടാനയിറങ്ങിയിരുന്നു.
ഉളിക്കലില്‍ നിന്നുമെത്തിയ ആന തന്നെയാവാം ഇവിടെയുമെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ 14 മണിക്കൂറായി ഉളിക്കലില്‍ തമ്പടിച്ച കാട്ടാനയെ വനത്തിലേക്ക് തുരത്തിയോടിക്കാനുളള തീവ്രശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കണ്ണൂരില്‍ ഇതുവരെയായി കാട്ടാനയുടെ അക്രമത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും ആറളം ഫാം മേഖലയിലെ തൊഴിലാളികളും താമസക്കാരുമാണ്. കാട്ടാനശല്യം ഒഴിവാക്കുന്നതിനായി ആറളത്ത് ആനമതില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications