ഫായലിന്‍:കണ്ണൂരില്‍ രൂക്ഷമായ കടലാക്രമണം
കണ്ണൂര്‍: ഫായലിന്‍ ചുഴലിക്കാറ്റിന്റെ ബാധ കണ്ണൂരിലും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തേക്കെത്തുന്ന ഫായലിന്‍ ചുഴലിക്കാറ്റ് കണ്ണൂരിന്റെ തീരത്തേയും ബാധിക്കുമെന്ന പേടിയിലാണ് ജനങ്ങള്‍.
ജില്ലയിലെ കടല്‍തീരം കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷുബ്ധമായിരുന്നു. വേലിയിറക്കത്തിന്റെ സമയത്ത് പതിവില്‍ നിന്ന് വിപരീതമായി തീരത്തേക്ക് വെള്ളം കയറി. ഇത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കി. പുലര്‍ച്ചയോടെയായിരുന്നു ഇത്.

മൈതാനപ്പള്ളി, പയ്യാമ്പലം, മുഴുപ്പിലങ്ങാട്, തലായ്, പെട്ടിപ്പാലം എന്നിവിടങ്ങളിലായിരുന്നു കടലാക്രമണം രൂക്ഷമായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടലിലെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ തീരത്തിനടുത്ത് താമസിക്കുന്നവര്‍ വീട് വിട്ട് പുറത്തിറങ്ങി.
മുഴുപ്പിലങ്ങാട് സാഹസിക കായിക അക്കാദമിയുടെ അടുത്തുവരെ കടല്‍ കയറി. താത്കാലിക മണല്‍ഭിത്തിയും കടലാക്രമണത്തില്‍ തകര്‍ന്നു. ഒരു ഫൈബര്‍ ബോട്ടും കടലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
സെപ്റ്റംബര്‍ മാസത്തിലെ കനത്ത മഴയിലും മുഴുപ്പിലങ്ങാട് കടലാക്രമണം രൂക്ഷമായിരുന്നു. പലയിടത്തും കടല്‍ ഭിത്തി തന്നെ തകര്‍ന്നു. ഇതേ തുടര്‍ന്നാണ് മണല്‍ചാക്കുകള്‍ കൊണ്ട് താത്കാലിക കടല്‍ഭിത്തി ഉണ്ടാക്കിയത്. അതും ഇപ്പോല്‍ തകര്‍ന്നിരിക്കുകയാണ്.
ഫായലിന്‍ ചുഴലിക്കാറ്റിന്റെ ഭാഗമാണ് കണ്ണൂരിലെ കടലാക്രമണം എന്ന് കാലാവസഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications