നിയമനങ്ങളുടെ മറവില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് കോടികളുടെ കൊള്ളയെന്ന് ഷമ്മാസ്
കണ്ണൂര്‍: പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്നത് കോടികളുടെ കൊള്ളയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. സര്‍വ്വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റേയും പ്രിയ വര്‍ഗീസിന്റെയും ഉള്‍പ്പെടെയുള്ള നിയമനങ്ങളുടെ മറവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ കൊള്ളയാണ് നടന്നിട്ടുള്ളത്.
വക്കീല്‍ ഫീസിനത്തിലുള്‍പ്പടെ പുറത്തുവന്ന കണക്കുകളില്‍ സര്‍ക്കാരും സര്‍വകലാശാലയും ചെലവഴിച്ചത് കോടികളാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളില്‍ പോലും അടിമുടി ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് മാത്രം 3172000 രൂപ സര്‍വകലാശാല ചെലവഴിച്ചപ്പോള്‍ 3777340 രൂപയാണ് ഇതിനായി എജി ഓഫീസ് മുഖേനെ സര്‍ക്കാര്‍ ചെലവഴിച്ചത്.

അങ്ങനെ 6949340 രൂപ ഫീസിനത്തില്‍ മാത്രം ഗോപിനാഥ് രവീന്ദ്രന് വേണ്ടി ചെലവഴിച്ചപ്പോള്‍ വഴിവിട്ട പുനര്‍നിയമന കാലയളവില്‍ 60 ലക്ഷത്തിലധികം രൂപ അദ്ദേഹത്തിന് ശമ്പളയിനത്തിലും നല്‍കിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് മാത്രമായി ഇതുവരെ സര്‍വകലാശാല ചെലവഴിച്ചത് 780000 രൂപയാണ്. ഒരു തരത്തിലുമുള്ള യോഗ്യതയും ഇല്ലാത്ത ഗോപിനാഥ് രവീന്ദ്രനും പ്രിയ വര്‍ഗീസിനുമായി സര്‍ക്കാരും സര്‍വകലാശാലയും ചേര്‍ന്ന് പൊടിപൊടിച്ചത് ഒന്നരക്കോടിയോളം രൂപയാണ്.
ഇതില്‍ കേസ് നടത്തിപ്പിന് മാത്രം 8150090 രൂപ ചിലവഴിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസിനത്തില്‍ ഉള്‍പ്പെടുത്തി പിരിച്ചെടുത്തതും അവരുടെ രക്ഷിതാക്കളുടെ വിയര്‍പ്പിന്റെ നനവുള്ള നികുതിപ്പണവുമാണ് ഇങ്ങനെ ഇഷ്ടക്കാര്‍ക്കും ഭാര്യമാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി കൊള്ളയടിക്കുന്നത്. ഈ കൊടും കൊള്ളയുടെ പുറത്തുവന്ന കണക്കുകള്‍ മാത്രമാണിത്.
സര്‍വകലാശാലയും സര്‍ക്കാരും പുറത്തുവിട്ട കണക്കുകളില്‍ പോലും വലിയ പൊരുത്തക്കേടുകള്‍ നിലവിലുണ്ട്. കണക്കുകള്‍ പലതും ദുരൂഹവുമാണ്. 2023 ഡിസംബര്‍ 7 ന് സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ മറുപടിയില്‍ അന്നേദിവസം വരെ ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് 2055000 രൂപ ചെലവഴിച്ചു എന്നാണുള്ളത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ 3148000 രൂപ എന്നാണ് പറഞ്ഞിട്ടുള്ളത്.
വിവരാവകാശ രേഖ നല്‍കിയ തീയതിക്കും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞ തീയതിക്കും ഇടയില്‍ 2023 ഡിസംബര്‍ 12ന് നടന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തില്‍ 1116000 രൂപ അനുവദിച്ച സാഹചര്യത്തില്‍ എങ്ങനെ കൂട്ടിയാലും മന്ത്രിയും സര്‍വകലാശാലയും പറഞ്ഞ കണക്കുകളിലെ വൈരുദ്ധ്യം വ്യക്തമാണ്. ഈ ഇടപാടുകളില്‍ നടന്ന തട്ടിപ്പ് കണക്കുകളായി ഇതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നു. ചാന്‍സിലര്‍ക്കെതിരെ കേസ് നടത്താനുള്ള ഫണ്ടിങ് ഏജന്‍സിയായി സര്‍ക്കാര്‍ സര്‍വകലാശാലകളെ മാറ്റിയിരിക്കുന്നു. സിറ്റിംഗ് ജഡ്ജിയെ കൊണ്ടുള്‍പ്പടെയുള്ള ഗൗരവകരമായ അന്വേഷണം ഈ വിഷയത്തില്‍ ആവശ്യമാണ്. പൊതുപണം കൊള്ളയടിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷമ്മാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, സര്‍വ്വകലാശാല സെനറ്റ് അംഗം ആഷിത്ത് അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications