കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; മിന്നും ജയവുമായി എസ്എഫ്ഐ, മുഴുവൻ സീറ്റുകളും സ്വന്തം
കണ്ണൂർ : രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിരോധത്തിലായ സാഹചര്യത്തിലും കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി എസ്എഫ്ഐ. സർവ്വകലാശാല യൂനിയനിൽ തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചത്. കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.
നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പികെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അതുൽകൃഷ്‌ണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ വിവാദങ്ങൾ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം നേടിയത്. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ്എഫ്ഐക്ക് കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരുകയായിരുന്നു.

കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐയും -യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ശനിയാഴ്ച്ച രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു.
ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് വമ്പൻ ജയമാണ് സ്വന്തമായത്. വിജയ പ്രഖ്യാപനത്തെ തുടർന്ന് സ്ഥാനാർത്ഥികളെ ആനയിച്ച് എസ്എഫ്.ഐ ആഹ്ളാദ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ച പൊതുസമ്മേളനത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, വൈഷ്ണവ് മഹേന്ദ്രൻ, കെ ആര്യ തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട് സർവ്വകലാശാലയിൽ മുന്നേറ്റമുണ്ടാക്കിയ കെഎസ്യു-എംഎസ്എഫ് മുന്നണിക്ക് കണ്ണൂരിൽ ഇതിന് സമാനമായ നേട്ടമുണ്ടാക്കാനായില്ല. കനത്ത പൊലീസ് കാവലിലാണ് യൂനിയൻ തെരഞ്ഞെടുപ്പ് നടന്നത്. കെഎസ്യു യൂനിയൻ കൗൺസിലറുടെ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച തർക്കമുണ്ടായെങ്കിലും പൊലിസ് ഇടപെട്ട് വിഷയം പരിഹരിക്കുകയായിരുന്നു.
ഇരു സംഘടനകളിലെയും വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നുവെങ്കിലും പൊലീസ് ഇടപ്പെട്ട് ശാന്തമാക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല യുണിയൻ്റെ ചരിത്രത്തിൽ ഇതുവരെയായി എസ്.എഫ്.ഐ തന്നെയാണ് ആധിപത്യം പുലർത്തിയിരുന്നത്. കോഴിക്കോട് സർവ്വകലാശാല യൂണിയൻ 18 വർഷത്തിന് ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തുവെങ്കിലും കണ്ണൂരിൽ ചലനങ്ങളൊന്നുമുണ്ടാക്കാതെ അവരുടെ തിരഞ്ഞെടുപ്പ് പോരാട്ടം അസ്തമിച്ചു.












Click it and Unblock the Notifications