അപകടം സ്ഥിരമാകുന്നു; തലശേരി-മാഹി ബൈപ്പാസില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു
തലശേരി: തലശേരി- മാഹി ബൈപ്പാസിലെ അപകടമേഖലയായ ഈസ്റ്റ് പളളൂര്‍ സിഗ്നല്‍ പോയന്റിനടുത്ത് ബൈപ്പാസിലെ വാഹന ഡ്രൈവര്‍മാര്‍ക്കായി മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു. മുന്നില്‍ സിഗ്നലുണ്ടെന്നു സൂചിപ്പിക്കുന്ന ബോര്‍ഡാണ് ഇവിടെ സ്ഥാപിച്ചത്. സിഗ്നല്‍ പോയന്റിനെ കുറിച്ചു അറിയാതെ വേഗതയിലെത്തുന്ന വാഹനങ്ങള്‍ ബൈപ്പാസ് ക്രോസ് ചെയ്തു പോകുന്ന വാഹനങ്ങളിലും മുന്‍പില്‍ സിഗ്നല്‍ കാത്തു നില്‍ക്കുന്ന വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചുമാണ് അപകടമുണ്ടാകുന്നത്.
ഉദ്ഘാടനം കഴിഞ്ഞു നൂറുദിവസം പിന്നിടുമ്പോഴേക്കും രണ്ടു പേരാണ് ഇവിടെ അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 25 ലേറെ അപകടങ്ങളാണ് ഇവിടെ ഇതുവരെയായി സംഭവിച്ചത്. സിഗ്നല്‍ സൂചനാ ബോര്‍ഡിന്റെ അഭാവമാണ് ഇവിടെ അപകടത്തിന് കാരണമാക്കുന്നതെന്ന് യാത്രക്കാരും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ബൈപ്പാസില്‍ സിഗ്നല്‍ ഉളള സ്ഥലങ്ങളുടെ 200 മീറ്റര്‍ അപ്പുറവും ഇപ്പുറവും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതായിരുന്നുവെങ്കിലും മാഹി ബൈപ്പാസില്‍ സ്ഥാപിച്ചിരുന്നില്ല.

ഇതു സംബന്ധിച്ചു വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബൈപ്പാസില്‍ തെരുവുവിളക്കുകളുടെ അഭാവവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ക്യാമറകളും പൊലിസ് ഔട്ട് പോസ്റ്റും ഇവിടെയില്ല. ഇതുകൂടാതെ യാത്രക്കാരായ പലര്‍ക്കും ബൈപ്പാസില്‍ വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും രീതികളും അറിയാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
മൂന്നാമത്തെ ട്രാക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ മാത്രം നീക്കിവെച്ചതാണെങ്കിലും പലരും ഈ ട്രാക്ക് കൈയ്യടക്കിയാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണവും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യു.മുജീബ് അറിയിച്ചു.
ജൂണ്‍ ആറിന് കണ്ണൂരില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. വാഹനാപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്പീക്കറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications