കണ്ണൂരിനെ ടൂറിസം നഗരമാക്കി മാറ്റുമെന്ന് പുതിയ മേയര്‍ മുസ്‌ലിഹ് മഠത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന് മുന്‍ തൂക്കം നല്‍കുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് കേര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍പറഞ്ഞു. കണ്ണൂരിലെ ടൂറിസം വികസനത്തിനും നഗരസൗന്ദര്യവല്‍ക്കരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ മാത്രമാണ് മാറിയത്. യുഡിഎഫിന്റെ ജനകീയ വികസന നയം തന്നെയാണ് പിന്തുടരുക. എല്ലാവരെയും ഉള്‍ക്കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മേയര്‍ പറഞ്ഞു. നഗര സൗന്ദര്യ വല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളായിരിക്കും ആവിഷ്‌കരിക്കുക. പ്ലാസ മുതല്‍ പ്രഭാത് വരെ സൗന്ദര്യ വല്‍ക്കരണത്തിനുള്ള പദ്ധതി രൂപരേഖയായിട്ടുണ്ട്.

ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് കാഴ്ചയ്ക്ക് കുളിര്‍മ നല്‍കുകയെന്നതാണ് ലക്ഷ്യം എന്ന് മേയര്‍ പറഞ്ഞു. നഗരത്തില്‍ മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടക്കുന്നുണ്ട്. കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹം. ഇതിന്റെ ഭാഗമായി ആയിക്കരയിലും പടന്നയിലും മാലിനജന ശൂചീകരണ പ്ലാന്റ് സ്ഥാപിക്കും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ടൂറിസം മേഖലയില്‍ കണ്ണൂര്‍ ഏറെ മുന്നിലാണ്. കണ്ണൂര്‍ നഗരത്തിലെ ടൂറിസം. വികസനത്തിനായി വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കും. കാനാമ്പുഴയില്‍ കയക്കിംഗ് സംവിധാനംഒരുക്കും. കക്കാട് പുഴ, വാരം കടവ് എന്നീ സ്ഥലങ്ങളിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കും. പൈതൃക നഗരം എന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും മേയര്‍ പറഞ്ഞു. പഴയബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍ ഷോപ്പിംഗ് കോപ്ലക്സ് എന്നിവയുടെ വികസനത്തിനായി എംപി,എംഎല്‍എ എന്നിവരുമായി ചര്‍ച്ച നടത്തും.
ഭരണപക്ഷം പ്രതിപക്ഷം എന്നിങ്ങനെ നോക്കാതെ എല്ലാവരും ഒരുപോലെയാണ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്നും മേയര്‍ പറഞ്ഞു. കണ്ണൂരിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സാങ്കേതികമായ പ്രശ്‌നം മൂലമാണ് നിന്നുപോയത്. ഗതാഗത പ്രശ്‌നമുള്ള നഗരമാണ് കണ്ണൂര്‍ അതിനാലാണ് ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് പൂര്‍ത്തീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
കണ്ണൂര്‍ നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് ഏറെ ഭീഷണിയായി മാറുന്ന കന്നുകാലുകളെ പിടികൂടാനുള്ള പദ്ധതികള്‍ നേരത്തെ ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്‌നം കന്നുകാലികളെ പിടികൂടാന്‍ ആളെ ലഭിക്കാത്തതാണ്. 1000 രൂപയാണ് കന്നുകാലികളെ പിടികൂടാനായി നല്‍കുന്നത്. പയ്യാമ്പലത്തും മറ്റും കന്നുകാലി ശല്യം രൂക്ഷമായി വരികയാണെന്നും കന്നുകാലിയെ പിടികൂടാന്‍ ആളെ കണ്ടെത്തി ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു.
പയ്യാമ്പലത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി പയ്യാമ്പലം കേന്ദ്രീകരിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം അടുത്ത ആഴ്ചയോടെ ഉണ്ടാകും. നിലവില്‍ പയ്യാമ്പലത്തെത്തുന്നവര്‍ പ്രഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏറെ പ്രയാസപെടുകയാണ്. കംഫേര്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ സൗകര്യമുള്ള വിശ്രമ കേന്ദ്രമാണ് സ്ഥാപിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
കന്റോണ്‍മെന്റ് ഏരിയ കോര്‍പറേഷനില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍വേ നടപടി പുരോഗമിക്കുകയാണ്. ആ സമിതിയില്‍ കോര്‍പറേഷന്‍ പ്രതിനിധിയില്ല. കന്റോണ്‍മെന്റ് ബോര്‍ഡിലുളള കയ്യിലുള്ള പ്രധാന ഭൂമികളെല്ലാം എവണ്‍ കാറ്റഗറിയിലേക്ക് മാറ്റി ജനങ്ങളെ മാത്രം കോര്‍പറേഷന് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു കൊണ്ട് കാര്യമില്ല. കണ്ണൂര്‍ നഗരത്തിന്റെ വികസനം സാധ്യമാവണമെങ്കില്‍ ഭൂമികൂടി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മീറ്റ് ദപ്രസില്‍ കണ്ണൂര്‍ പ്രസ് ക്‌ളബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ പരിപാടിയില്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം പി.കെ ഗണേഷ് മോഹന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications