'വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ജോലി, മെസേജ് വന്നത് വാട്‌സാപ്പില്‍'; യുവതിയുടെ മരണത്തില്‍ വഴിത്തിരിവ്
കണ്ണൂര്‍: ജ്വല്ലറി ജീവനക്കാരിയായിരുന്ന യുവതി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. യുവതി ജീവനൊടുക്കാന്‍ കാരണം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ട് പണം നഷ്ടമായതിനാലാണ് എന്ന് പൊലീസ് വ്യക്തമാക്കി. വാട്‌സാപ്പില്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വന്ന സന്ദേശത്തിന് പിന്നാലെയാണ് യുവതിക്ക് ലക്ഷങ്ങള്‍ നഷ്ടമായത്.
മൂന്ന് ദിവസം കൊണ്ട് എട്ട് ലക്ഷം രൂപയാണ് ഇത്തരത്തില്‍ യുവതിക്ക് നഷ്ടമായത് എന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 16 ന് ആണ് പയ്യാമ്പലത്ത് കടലില്‍ ചാടി യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. പാര്‍ട്ട് ടൈം ജോലിക്കാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഒരിക്കല്‍ യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശം ലഭിച്ചു. ഇതിന് താല്‍പര്യമുണ്ട് എന്ന് യുവതി മറുപടിയും നല്‍കി.

ഇതോടെ തട്ടിപ്പുകാര്‍ യുവതിയോട് യൂട്യൂബ് വീഡിയോ അയച്ച് കൊടുത്ത് ലൈക്ക് ചെയ്യാന്‍ പറഞ്ഞു. ഒരു യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ 50 രൂപയാണ് പ്രതിഫലം. മൂന്ന് വീഡിയോ ആണ് യുവതിക്ക് തട്ടിപ്പുകാര്‍ അയച്ച് കൊടുത്തത്. യുവതി ഇവരുടെ നിര്‍ദേശാനുസരണം ഇത് ലൈക്ക് ചെയ്യുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ച് കൊടുക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ അക്കൗണ്ടില്‍ 150 രൂപ കയറി.
പണം ലഭിച്ചതോടെ യുവതിക്ക് വിശ്വാസമേറി. പിന്നാലെ തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം യുവതി കൂടുതല്‍ ജോലി ഏറ്റെടുത്തു. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം തിരിച്ചു കിട്ടുമെന്ന വാഗ്ദാനത്തില്‍ യുവതി വീഴുകയായിരുന്നു. അതിനിടെ തട്ടിപ്പുകാര്‍ വാട്‌സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്ക് ചുവടുമാറ്റി. ഇത്തരക്കാര്‍ ടെലഗ്രാം ഗ്രൂപ്പില്‍ ഇരകളെ ചേര്‍ത്ത ശേഷം തങ്ങള്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് ഗ്രൂപ്പ് അംഗങ്ങളെ കൊണ്ട് പറഞ്ഞ് വിശ്വസിപ്പിക്കും.
യഥാര്‍ത്ഥത്തില്‍ ഇവര്‍ എല്ലാവരും തട്ടിപ്പുകാരായിരിക്കും. ഇവിടെ നിന്നാണ് കൂടുതല്‍ പണം മുടക്കിയുള്ള ടാസ്‌കുകള്‍ നല്‍കുക. ഇത്തരത്തില്‍ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന പണത്തിന് പുറമേ സ്വര്‍ണം പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയും വരെ കണ്ണൂര്‍ സ്വദേശിയായ യുവതി പണമയച്ചു കൊടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യമായതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നു സിറ്റി എസിപി ടികെ രത്നകുമാര്‍ പറഞ്ഞു.
യുവതിയുടെ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകാര്‍ പണം ലഭിച്ചാല്‍ ഉടന്‍ പല അക്കൗണ്ടുകളിലേക്കു മാറ്റും. തട്ടിപ്പുകാരുടെ ഫോണ്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ പലരുടെയും വിലാസവും ആധാര്‍ കാര്‍ഡും ഉപയോഗിച്ചു വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് പൊലീസ് പറയുന്നത്.
ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലിയെന്ന മെസേജുകളുമായി തട്ടിപ്പുകാര്‍ ഇന്ന് സജീവമാണ്. ആദ്യം അല്‍പം പണം നല്‍കി ഇരകളെ വിശ്വസിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ രീതി. ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ നമ്പറായ 1930 ല്‍ വിളിച്ചു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അധികൃതരുടെ നിര്‍ദേശം.












Click it and Unblock the Notifications