മുക്കുപണ്ടം പണയം വെച്ച് 11 ലക്ഷം തട്ടിയെടുത്തു; പ്രതിയായ യുവാവ് അറസ്റ്റില്‍
പേരാവൂര്‍: കൂത്തുപറമ്പ് പഴയ നിരത്തിലെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പേരാവൂര്‍ കൊളവംചാല്‍ സ്വദേശി എ അഷറഫിനെയാണ് കൂത്തുപറമ്പ് പൊലിസ് വെളളിയാഴ്ച്ച ഉച്ചയോടെ പേരാവൂര്‍ ടൗണില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചിരുന്നത്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് കൂത്തുപറമ്പ് എസ്‌ഐ നിഖില്‍ അറിയിച്ചു. ആദ്യം യഥാര്‍ത്ഥ സ്വര്‍ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു മാല പണയം വെക്കാനെത്തിയപ്പോള്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മുന്‍പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായതെന്നും കൂത്തുപറമ്പ് എസ്‌ഐ നിഖില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ധനകാര്യ സ്ഥാപന അധികൃതര്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. എസ്‌ഐയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പണംതട്ടാന്‍ ഉപയോഗിച്ച സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുക്കുപണ്ടമാണ് പണയം വെച്ചതെന്നത് സംബന്ധിച്ച് സ്ത്രീക്ക് അറിവുണ്ടായിരുന്നോയെന്ന കാര്യം പൊലിസ് വിശദമായി അന്വേഷിച്ച് വരികയാണ്.
അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തട്ടിപ്പില്‍ പങ്കാളിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്താനാവില്ലെന്നും പൊലിസ് അറിയിച്ചു. എന്നാല്‍ അഷ്റഫ് ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ഇതിനു മുന്‍പായി നടത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. അഷറഫിനെതിരെ പേരാവൂര്‍ പൊലിസ് സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. ഇയാളെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications