മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കൂത്തുപറമ്പ്: സംസ്ഥാന ബജറ്റില്‍ നികുതി കൂട്ടിയതിനെതിരെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം റിജിന്‍ രാജ് ആണ് കൂത്ത്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്
മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണിയോടെ അഞ്ചരക്കണ്ടിയിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
റോഡരികില്‍ നിന്നും കറുത്ത കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമീപത്തുകൂടെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ എസ്‌കോര്‍ട്ട് വാഹനങ്ങളും മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റ കാറും അതിവേഗതയില്‍ കടന്നു പോവുകയായിരുന്നു.
കെ.എസ്.യു കണ്ണൂര്‍ ജില്ലാജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, മട്ടന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, റിജിന്‍രാജ്, അശ്വിന്‍ മതുക്കോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടന്നത്. വഴിനീളെ പൊലിസിനെ വിന്യസിച്ചിരുന്നുവെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം കഴിഞ്ഞുവരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരത്തെ തളിപറമ്പിലും പരിയാരത്തും ദേശീയ പാതയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊലിസ് സാധാരണക്കാരെ ദുരിതത്തിലാക്കുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് ആരോപിച്ചു. ഭരണകക്ഷിയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന പൊലിസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് സുദീപ് ജയിംസ് മുന്നറിയിപ്പു നല്‍കി.


Click it and Unblock the Notifications