കാറിലെത്തി പട്ടാപ്പകൽ വീടുകുത്തിത്തുറന്ന് കവർച്ച, കാഞ്ഞങ്ങാട് സ്വദേശി ആസിഫ് അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കാറിലെത്തി പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്ന മിന്നല്‍ ആസിഫ് പയ്യന്നൂര്‍ പൊലിസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനു സമീപം ഗാര്‍ഡന്‍ വളപ്പില്‍ താമസിക്കുന്ന നിരവധി കവര്‍ച്ചാകേസിലെ പ്രതി പി. എച്ച് ആസിഫിനെയാ(21)ണ് പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം പിടികൂടിയത്.
കരിവെളളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലില്‍ പട്ടാപ്പകല്‍ പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ ആസിഫിനെ കാഞ്ഞങ്ങാട്ടുവെച്ചാണ് പൊലിസ് സംഘം പിടികൂടിയത്. കാറിലെത്തി വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ ഇരുമ്പുവടികൊണ്ടു പൂട്ടുതകര്‍ത്ത് കവര്‍ച്ച നടത്തിയിരുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ദൂരെ ഒളിപ്പിച്ചുവെച്ച ശേഷം കവര്‍ച്ച നടത്തി തിരിച്ചു പോകുമ്പോള്‍ മൊബൈല്‍ എടുത്ത് സ്ഥലം വിടുകയാണ് പതിവ്.

ഇയാള്‍ മൊബൈല്‍ ഫോണെടുത്ത് നടന്നു പോകുന്നത് പ്രദേശവാസികളിലൊരാള്‍ കണ്ടിരുന്നു. ഈ വെളിപ്പെടുത്തലാണ് പ്രതിയെ പിടികൂടാന്‍ പൊലിസിനെസഹായിച്ചത്. കേസിലെ പ്രതിയെ പിടികൂടണമെന്ന് സി.പി. എം പെരളം നോര്‍ത്തക് ലോക്കല്‍കമ്മിറ്റി പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന് നിവേദനം നല്‍കിയിരുന്നു.
ഈക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെളളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി ശ്രീകാന്തിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഇവിടെ നിന്നും 21 പവന്‍ സ്വര്‍ണാഭരണങ്ങളും 4,500 രൂപയും മോഷണം പോയിരുന്നു. ശ്രീകാന്തിന്റെ ഭാര്യ ഷീജയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലായതനാല്‍ ഷീജയും മകളും മാത്രമാണ് ഈ വീട്ടില്‍ താമസം.
അധ്യാപികയായ ഷീജ അന്നേ ദിവസം സ്‌കൂള്‍ വിട്ടു വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുതകര്‍ത്ത നിലയില്‍ കണ്ടത്. വീടിനകത്തെ മുറികളിലെ രണ്ടു അലമാരകള്‍ കുത്തിതുറന്നാണ് രണ്ടുമാല, മൂന്ന് വള, എട്ടുകമ്മല്‍, ഒരു കൈ ചെയിന്‍, രണ്ടു മോതിരം,4,500 രൂപയുമാണ് കവര്‍ന്നത്.
മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്ത പൊലിസ് സംഘത്തിന് മറ്റൊരു കവര്‍ച്ചയുടെ നിര്‍ണായക വിവരങ്ങളുംലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനു സമീപം തനിച്ചു താമസിക്കുന്ന എല്‍. ഐ.സി ഏജന്റ് ഗീതാലയത്തില്‍ ഇ.വി സതീരവീന്ദ്രന്റെ (71) വീടുകുത്തിതുറന്ന് ഒന്‍പതര പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തിയതായും പൊലിസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.
സംഭവദിവസം രാവിലെ ഒന്‍പതു മണിയോടെ വീട് പൂട്ടി പയ്യന്നൂരിലെ എല്‍. ഐ.സി ഓഫീസിലേക്ക് വന്ന സതീരവീന്ദ്രന്‍ വൈകുന്നേരം നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications