മാതമംഗലത്ത് സമരക്കൊടി താഴുന്നു: സിഐടിയുക്കാര്‍ പൂട്ടിച്ച വ്യാപാരസ്ഥാപനം തുറന്നുപ്രവര്‍ത്തിക്കും
പയ്യന്നൂര്‍: മാതമംഗലത്ത് കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയുക്കാര്‍ അനിശ്ചിതകാല സമരം നടത്തി അടച്ചു പൂട്ടിച്ച വ്യാപാര സ്ഥാപനം ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ലേബര്‍ കമ്മീഷണറും കടയുടമ റാബിയും സിഐടിയുക്കാരും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് തീരുമാനമായത്. സിഐടിയു ഉപരോധസമരം കാരണം കടയടച്ചത് നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നു.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ മാതമംഗലം സമരം ചര്‍ച്ചയായി മാറുവാന്‍ സാധ്യതയുണ്ടെന്നു മുന്‍കൂട്ടി കണ്ടു കൊണ്ടാണ് സര്‍ക്കാര്‍ വിഷയം അടിയന്തിരമായി ഒത്തുതീര്‍ക്കാന്‍ ലേബര്‍ കമ്മിഷണറെ ചുമതലപ്പെടുത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍കടക്കുള്ളില്‍ നിന്നും സാധനങ്ങള്‍ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് നല്‍കാന്‍ നല്‍കാന്‍ തീരുമാനമായി.എന്നാല്‍വലിയ വാഹനത്തില്‍ നിന്ന് വരുന്ന സാധനങ്ങള്‍ സിഐടിയുക്കാര്‍ തന്നെ ഇറക്കും. ചെറിയ വാഹനത്തില്‍ സാധനങ്ങള്‍ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കു തന്നെ നല്‍കും.
കടയുടെ മുന്നിലെ സമര പന്തല്‍ പൊളിക്കുമെന്ന് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.കട ഉടമയ്ക്കും ഉപഭോക്താക്കള്‍ക്കും ഏര്‍പ്പെടുത്തിയ സി. ഐ.ടി.യു ഏര്‍പ്പെടുത്തിയ ഊരു വിലക്കും പിന്‍വലിക്കും. കഴിഞ്ഞ മാസം ഡിസംബര്‍ 23 മുതല്‍ കട പൂട്ടിക്കിടക്കുകയാണ്.
2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂര്‍ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്റര്‍പ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണര്‍ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍ കാര്‍ഡും വാങ്ങി.
എന്നാല്‍ അന്ന് തന്നെ സിഐടിയുക്കാര്‍ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴില്‍ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നില്‍ സിഐടിയു പന്തല്‍ കെട്ടി സമരം ആരംഭിച്ചു. സാധങ്ങള്‍ വാങ്ങാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി.
Recommended Video
ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്‌സലിനെ നടുറോട്ടില്‍ വച്ച് ചുമട്ട് തൊഴിലാളികള്‍ പൊതിരെ തല്ലി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സിഐടിയു നേതാക്കളുടെ വിശദീകരണം. സംഭവം സംസ്ഥാന തലത്തില്‍ തന്നെ വിവാദമായതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.സി.പി.എം ജില്ലാ നേതൃത്വവും ചര്‍ച്ചയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നു. ഉടമ തയ്യാറാണെങ്കില്‍ സി.ഐ.ടി.യു ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നും കടകള്‍ പൂട്ടിക്കുന്നവരല്ല തുറപ്പിക്കുന്നവരാണ് സി.ഐ.ടി യു ക്കാരെന്ന് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications