കണ്ണൂര്‍ കോര്‍പറേഷനില്‍ റമദാന്‍ സമൂഹ നോമ്പുതുറകളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം; മേയര്‍

കണ്ണൂര്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് പള്ളികളിലും മറ്റും നടക്കുന്ന സമൂഹ നോമ്പുതുറ വേളകളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്‌ളാസുകളും ഒഴിവാക്കികൊണ്ട്
ഹരിത പ്രോട്ടോകോള്‍ പാലിക്കാന്‍ തീരുമാനിച്ചതായി മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഹരിത പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നോമ്പുതുറ നടത്താമെന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ പരമാവധി മാലിന്യം കുറയ്ക്കുന്നതിനായും തീരുമാനമെടുത്തു. ചിക്കന്‍വേസ്റ്റും മറ്റു മാംസ അവശിഷ്ടങ്ങളും റെന്‍ഡിങ് പ്ലാന്റിന് നല്‍കി വരുന്നതായും അത്തരം മാലിന്യ പ്രശ്‌നങ്ങള്‍ നിലവിലില്ലെന്നും വ്യക്തമാക്കി.
ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി 90% സബ്‌സീഡിയോടു കൂടി റിംഗ് കമ്പോസ്റ്റ്, ബയോബിന്‍ തുടങ്ങിയ സംവിധാനങ്ങള്‍ കോര്‍പറേഷന്‍ വിതരണം ചെയ്തു വരുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന വഴി ശേഖരിച്ചു വരുന്നുണ്ട്. ഈ സംവിധാനങ്ങളൊക്കെ ഫലപ്രദമായി മുഴുവന്‍ ആളുകളും ഉപയോഗപ്പെടുത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷി , വിവിധ സംഘടനായ സംയുക്ത യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രാഗേഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.രാജേഷ്, മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഇന്ദിര, നഗരസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു മതസംഘടന നേതാക്കള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications