മൂന്ന് പേരുടെ അപകട മരണത്തിന് കാരണക്കാരനായ ലോറി ഡ്രൈവര്‍ 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
തലശേരി: കണ്ണൂര്‍ ജില്ലയെ നടുക്കിയ വാഹനാപകട കേസിലെ പ്രതിയായ ഡ്രൈവര്‍ ഇരുപതുവര്‍ഷത്തിനു ശേഷം അറസ്റ്റിൽ. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷിനെയാണ് കണ്ണവം പോലീസ് പിടികൂടിയത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ വെച്ച് നടന്ന അപകടത്തില്‍ ഗണേശന്‍ ഓടിച്ചിരുന്ന ലോറി ഇടിച്ചു മൂന്ന് പേരായിരുന്നു മരിച്ചത്.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു, പിന്നീട് 2009 ല്‍ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കണ്ണവം എസ്.എച്ച്. ഒ ജിതേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പോണ്ടിച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി കഴിഞ്ഞ കുറെക്കാലമായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. പ്രിന്‍സിപ്പല്‍ എസ്.ഐ വിപിന്‍, സീനിയര്‍ സി പി ഒ ബിജേഷ് തെക്കുമ്പടന്‍, സി പി ഒ മാരായ പ്രജിത്ത് കണ്ണിപൊയില്‍, നിസാമുദ്ധീന്‍ എന്നിവര്‍ പോണ്ടിച്ചേരിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications