കണ്ണൂരില്‍ സംപൂജ്യരാവുമെന്ന ആശങ്കയില്‍ സിപിഐ; ഇരിക്കൂര്‍ കേരള കോണ്‍ഗ്രസ് കൊണ്ടുപോയേക്കും
കണ്ണൂര്‍: മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും സീറ്റുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സിപിഎം. എല്ലാവരും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന കക്ഷിയെന്ന നിലയില്‍ സിപിഎം തന്നെ സീറ്റുകള്‍ നല്‍കട്ടേയെന്നാണ് മറ്റുള്ളവരുടെ മറുപടി. എന്നാല്‍ തുടക്കത്തിലെ കടുംപിടുത്തതിന് ശേഷം സിപിഐ ഉള്‍പ്പടേയുള്ള കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഐ തയ്യാറായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍
കേരള കോണ്‍ഗ്രസിന്റ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ സിപിഐ തുടക്കത്തില്‍ തന്നെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ പാലാ പോലെ അഭിമാനമാണ് കാഞ്ഞിരപ്പള്ളിയും എന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് എം ഉറച്ച് നിന്നതോടെ സിപിഎം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റേതെങ്കിലും സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിയുമോയെന്നാണ് സിപിഐ ആലോചിക്കുന്നത്

കണ്ണൂരില്‍ ഇരിക്കൂര്‍ മണ്ഡലം
കണ്ണൂരില്‍ ഇരിക്കൂറാണ് സിപിഐ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ പോവുന്നത്. എല്‍ഡിഎഫില്‍ സ്ഥിരമായി സിപിഐ മത്സരിക്കുന്ന സീറ്റാണ് ഇരിക്കൂറെങ്കിലും ഇതുവരെ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 1982 മുതല്‍ തുടര്‍ച്ചയാ എട്ട് തവണയും കോണ്‍ഗ്രസിലെ കെസി ജോസഫ് ആണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിനുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ട് പോലും 9647 വോട്ടിന് വിജയിക്കാന്‍ കെസി ജോസഫിന് സാധിച്ചിരുന്നു.

ക്രിസ്ത്യന്‍ ഭൂരിപക്ഷ-മലയോരം പ്രദേശം
സിപിഐക്ക് വിജയ സാധ്യതയില്ലാത്ത സീറ്റെന്ന നിലയിലാണ് ഇരിക്കൂര്‍ വിട്ട് നല്‍കാനുള്ള ആലോചന പാര്‍ട്ടിയിലുണ്ടാവുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ-മലയോരം പ്രദേശം എന്ന നിലയില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ കേരള കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്താനും. എന്നാല്‍ ഇരിക്കൂറിന് പകരം കണ്ണൂര്‍ ജില്ലയില്‍ മറ്റ് എതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യത സിപിഐക്കില്ല. ഇതോടെ ജില്ലയില്‍ 'സുംപൂജ്യര്' ആവുമോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്ക.

ഇരിക്കൂറും, കണ്ണൂരും
കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറും, കണ്ണൂരും ഒഴികേയുള്ള എല്ലാ മണ്ഡലങ്ങളിലും സിപിഎം ആണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് എസിനാണ് കണ്ണൂര്‍ സീറ്റ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഒരു സീറ്റ് ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ലെന്ന വികാരം സിപിഐ ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഐ അസി. സെക്രട്ടറി സത്യന് മൊകേരി പങ്കെടുത്ത യോഗത്തിലാണ് ജില്ലാ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

എല്‍ജെഡിക്കും കോണ്‍ഗ്രസ് എസിനും
ഘടകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും കോണ്‍ഗ്രസ് എസിനും കണ്ണൂരില്‍ സീറ്റ് ലഭിക്കുമ്പോള്‍ സിപിഐക്ക് മാത്രം മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥ ഉണ്ടാവരുത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇരിക്കൂര്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കുകയാണെങ്കില് പകരം സീറ്റ് ലഭിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് സീറ്റുകളും വിട്ടുകിട്ടാന്‍ സാധ്യതയില്ല. ഇതോടെ ഫലത്തില്‍ സിപിഐക്ക് കണ്ണൂരില്‍ സീറ്റ് ഉണ്ടായേക്കില്ല.

കണ്ണൂര്‍ കിട്ടിയാല്‍
ഇരിക്കൂറിന് പകരം കണ്ണൂര്‍ കിട്ടുകയാണെങ്കില്‍ പാര്‍ട്ടി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സിഎന്‍ ചന്ദ്രന്, പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇരിക്കൂറില്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജനാണ് സാധ്യത കൂടുതല്‍.

മഞ്ചേശ്വരം നാദാപുരവും
എകെഎസ്ടിയു ജനറല്‍ സെക്രട്ടറി ഒകെ ജയകൃഷ്ണന്, സിഎന്‍ ജയചന്ദ്രന് എന്നിവരുടെ പേരും സാധ്യത പട്ടികയിലുണ്ട്. അഴിക്കോടാണെങ്കില്‍ എഐവൈഎഫ് രംഗത്ത് നിന്നുള്ള ആരെയെങ്കിലും ഇറക്കാനാണ് ആലോചന. മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നാദാപുരം, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് വടക്കേ മലബാറില്‍ നേരത്തെ സിപിഐ മത്സരിച്ചിരുന്നത്. ഇതില്‍ മഞ്ചേശ്വരം ഒഴിവാക്കിയാണ് തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ നല്‍കുന്നത്.

കാഞ്ഞങ്ങാടും നാദാപുരവും
ഇരിക്കൂര്‍ കൂടെ പോയാല്‍ കാഞ്ഞങ്ങാട്ടും നാദാപുരവും മാത്രമാവും വടക്കെ മലബാറില്‍ സിപിഐക്ക് ഉണ്ടാവുക. നാദാപുരത്ത് ഇത്തവണ ഇകെ വിജയന് ഒരു അവസരം കൂടി നല്‍കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് തവണ മത്സരിച്ച് വിജയിച്ച ഇദ്ദേഹത്തിന് സീറ്റ് നല്കാന് സിപിഎമ്മും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തത്തിന്റെ പേരും പരിഗണനയിലുണ്ട്.......

യുഡിഎഫ് മുന്നേറിയെങ്കിലും
കാഞ്ഞങ്ങാട് മന്ത്രി ഇ ചന്ദ്രശേഖരനും വീണ്ടും ഇറങ്ങിയേക്കും. 2011 ലും മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഇ ചന്ദ്രശേഖരന്. 2016 ല്‍ കോണ്‍ഗ്രസിലെ ധന്യ സുരേഷിനെതിരെ 26011 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ ഇ ചന്ദ്രശേഖരന്റെ വിജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് മുന്നേറിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തി തിരികെ പിടിച്ചിട്ടുണ്ട്.