• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ അഞ്ചിടങ്ങളിൽ തീപ്പാറും മത്സരം: പേരാവൂരും അഴീക്കോടും പിടിച്ചെടുക്കാൻ എൽഡിഎഫ്

  • By Desk

കണ്ണൂർ: ആസന്നമായ നിയമസഭാ തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടെ സ്ഥാനാർത്ഥിചിത്രം വ്യക്തമായി വരുന്നതേയുള്ളുവെങ്കിലും കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിൽ അഞ്ചിലും തീ പാറുന്ന മത്സരം നടക്കുമെന്ന് സുചന. എൽ.ഡി.എഫ് സിറ്റിങ് സീറ്റായ പേരാവൂരും അഴീക്കോടും പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ കണ്ണൂരും കുത്തുപറമ്പുമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മറ്റിടങ്ങളിൽ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാനും വോട്ടിങ് നില ഗണ്യമായ രീതിയിൽ വർധിപ്പിക്കാനും കണക്കുകൂട്ടുന്നുണ്ട്.

തപ്‌സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്

പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. ഇതിൽ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് ജയിച്ച് കയറിയ ഇരിക്കൂറും മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയുടെ സിറ്റിംഗ് മണ്ഡലമായ അഴീക്കോടും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രതിനിധീകരിക്കുന്ന കണ്ണൂരും മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പും കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന പേരാവൂരും ശക്തമായ മത്സരം നടക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഇവിടങ്ങളിൽ നിലവിലുള ഭൂരിപക്ഷം ആഞ്ഞ് പിടിച്ചാൽ മറികടക്കാൻ കഴിയും എന്നാണ് മുന്നണി കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. കണ്ണൂർ മണ്ഡലത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 1196 വോട്ടിനാണ് കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത്. നിയസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ 13,787 വോട്ട് ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൂടുതൽ ലഭിച്ചിട്ടുണ്ട്. ഈ നില തുടർന്നാൽ യു.ഡി.എഫിന് കണ്ണൂർ പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. അഴീക്കോട് ലീഗ് നേതാവ് കെ.എം.ഷാജി എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ എം.വി. നികേഷ് കുമാറിനെ 2287 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ തോതിൽ നില മെച്ചപ്പെടുത്താൻ കഴിയാത്തത് യു.ഡി.എഫിന് അൽപ്പം ആശ്വാസം നൽകുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 60795 വോട്ട് നേടിയെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 51,218 വോട്ട് മാത്രമെ നേടാൻ കഴിഞ്ഞിട്ടുള്ളൂ. എന്നിരുന്നാലും ശക്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഇരിക്കൂറിൽ കെ.സി. ജോസഫിന് ലഭിച്ച ഭൂരിപക്ഷം 9647 വോട്ടാണ്. അന്ന് മുന്നണിയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ ഇതിൽ ഒരു വിഭാഗം എൽ.ഡി.എഫിനോടൊപ്പമാണ്. ഇതാണ് എൽ.ഡി.എഫിന് നൽകുന്ന പ്രതീക്ഷ.

ഇരിക്കൂറിലും നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതു മുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ തിളക്കം കൂട്ടാൻ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ 62801 വോട്ട് നേടിയെടുത്ത് ലോക്‌സഭയിൽ 52901 വോട്ടുകൾ മാത്രമെ നേടാൻ കഴിഞ്ഞുള്ളു. ജോസ് കെ. മാണി കൂടെയുള്ളതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി. പേരാവൂരിൽ സണ്ണി ജോസഫ് സി.പി.എമ്മിലെ ബിനോയ് കുര്യനെ 7989 വോട്ടിനാണ് തോൽപ്പിച്ചത്. ഇപ്പോൾ ജോസും ജെ.ഡി.യുവും കൂടെ ഉള്ളതുകൊണ്ട് പേരാവൂർ കടമ്പകടക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇടതു മുന്നണി. എന്നാൽ ഇവിടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് മുന്നേറാൻ കഴിഞ്ഞിട്ടില്ല. 5796 വോട്ടുകൾ കുറയുകയാണ് ചെയ്തത്. കുത്തുപറമ്പിൽ മന്ത്രി ശൈലജയുടെ ഭൂരിപക്ഷം 12291 വോട്ടാണ്. പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തി ഈ ഭൂരിപക്ഷം മറികടക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

അവശേഷിക്കുന്ന ജില്ലയിലെ മറ്റു ആറു മണ്ഡലങ്ങൾ ഇടതു മുന്നണിയുടെ കയ്യിൽ സുരക്ഷിതമാണ്. 34117 മുതൽ 43383 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടുങ്ങളിലുള്ളത്. ഇത് മറികടക്കാൻ യു.ഡി.എഫിന് എളുപ്പമുള്ള കാര്യമല്ല. ധർമ്മടത്ത് പിണറായി വിജയൻ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ മമ്പറം ദിവാകരനെ 36905 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇക്കുറി അത് 50,000 കടത്താനാണ് മുന്നണി ശ്രമിക്കൂന്നത്. അതേസമയം നിലവിലുള്ള ഭൂരിപക്ഷത്തിൽ ഒരു വോട്ടെങ്കിലും കുറഞ്ഞുപോയാൽ അത് പിണറായി വിജയന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കും. പ്രത്യേകിച്ച് ജെ.ഡി.യുവും ജോസ് കെ. മാണിയും കൂടെ ഉള്ളപ്പോൾ തന്നെ കല്യാശേരി, മട്ടന്നൂർ, പയ്യന്നൂർ, തലശേരി എന്നിവടങ്ങളിൽ യു.ഡി എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നില്ല. എന്നാൽ മികച്ച സ്ഥാനാർത്ഥികളെ ഇവിടങ്ങളിൽ കണ്ടെത്തി പരമാവധി വോട്ടു സമാഹരിക്കുകയെന്നതാണ് ലക്ഷ്യം.

English summary
Kerala Assembly elections 2021: LDF tries to get Peravoor and Azheekkod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X