ബജറ്റില്‍ കണ്ണൂരിലെ ആരോഗ്യമേഖലയ്ക്ക് നേട്ടം: പരിയാരം, മലബാര്‍ കാന്‍സര്‍ സെന്ററുകൾക്ക് കൈത്താങ്ങ്
കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ കണ്ണൂരിന്റെ ആരോഗ്യമേഖലയ്ക്ക് നേട്ടം. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 28-കോടിയും പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന് 30.92 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്.
മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം, മരുന്നുകള്‍, ഉപകരണങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പഠന ഉപകരണങ്ങള്‍, മാലിന്യ സംസ്‌കരണം എന്നീ പ്രവൃത്തികള്‍ക്ക് 26.15 കോടിയും, ഗവ. ദന്തല്‍ കോളേജ് വികസനത്തിന് 4.19 കോടിയും ഗവ. നഴ്‌സിംഗ് കോളേജിന് 58 ലക്ഷവും ഉള്‍പ്പടെയാണ് 30.92 കോടി രൂപ അനുവദിച്ചത്. ഇതോടൊപ്പം

പരിയാരം ഗവ ആയുര്‍വേദ കോളേജിന് 8.10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2.60 കോടി രൂപയും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും, അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്കും 5.50 കോടി രൂപയും ഉള്‍പ്പടെയാണ് 8.10 കോടി രൂപ അനുവദിച്ചത്.
ചെറുകുന്ന് ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 1.50 കോടി രൂപയും, മാടായി ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അധീനതയിലുള്ള പാളയം ഗ്രൗണ്ടില്‍ ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 1.50 കോടി രൂപയും അനുവദിച്ചു.
ഗ്രാമീണ റോഡ് നവീകരണത്തിന് അനുവദിച്ചത് രണ്ട് കോടി രൂപ. കല്യാശ്ശേരി പഞ്ചായത്തിലെ കെ വി മന്ദിരം സിറാമിക് റോഡ്, ചെറുകുന്ന് പഞ്ചായത്തിലെ വെള്ളറങ്ങല്‍ നാലൊന്നില്‍ റോഡ്, ഏഴോം പഞ്ചായത്തിലെ അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ് എന്നീ മൂന്ന് ഗ്രാമീണ റോഡുകള്‍ക്കായാണ് രണ്ട് കോടി രൂപ അനുവദിച്ചത്.
ജനകീയാസൂത്രണത്തിന്റെ നാള്‍വഴികളെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരില്‍ കല്യാശ്ശേരിയില്‍ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു.
മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ അധീനതയിലുള്ള നിലവിലുള്ള കെട്ടിടം നിലനിര്‍ത്തി കൊണ്ടാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തീര്‍ത്ഥാടന ടൂറിസമുള്‍പ്പെടെ നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള പഴയങ്ങാടിയില്‍ എത്തിചേരുന്നവര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകും.
പൊതുമേഖല സ്ഥാപനങ്ങളായ മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ കംപോണന്റ് ലിമിറ്റഡ് ആധുനികവത്ക്കരണത്തിന് ഒന്‍പതു കോടി രൂപയും കേരള ക്ലേസ് ആന്റ് സിറാമിക്‌സ് പ്രൊഡക്റ്റ് ലിമിറ്റഡ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും, വിപുലീകരണത്തിനുമായി നാല് കോടി രൂപയും അനുവദിച്ചു.
മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 25.50 ലക്ഷം രൂപയും പാണപ്പുഴയില്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്മാരകത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പാലയക്കയം തട്ട് ടൂറിസത്തിന്റെ വികസനായി കൈതളം പാലക്കയം തട്ട് റോഡ് ആധുനികരീതിയില്‍ നവീകരിക്കാന്‍ 1.25 കോടി അനുവദിച്ചിട്ടുണ്ട്.
കണ്ണൂര്‍ മണ്ഡലത്തിലും വിവിധ പദ്ധതികള്‍ക്കായി പണം അനുവദിച്ചിട്ടുണ്ട്. വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍ (മൂന്ന് കോടി)കൈത്തറി ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും സ്ഥിരം സംവിധാനംൂ(ഒരുകോടി)കണ്ണൂര്‍ മണ്ഡലത്തിലെ പ്രധാന ജങ്ഷനുകളിലെ സൗന്ദര്യവല്‍ക്കരണം രണ്ടു കോടി, കണ്ണൂര്‍ ആര്‍ട്ട് ഗ്യാലറി ഒരുകോടിയും അനുവദിച്ചു.












Click it and Unblock the Notifications