രാജ്യത്തിന് ബദല്‍ സാമൂഹിക മാതൃക അവതരിപ്പിക്കാന്‍ കഴിയുന്നത് കേരളത്തിന്: മന്ത്രി കെ രാജന്‍
കണ്ണൂര്‍: ജനാധിപത്യവും ചരിത്രവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ രാജ്യത്തിന് ബദല്‍ മാതൃക അവതരിപ്പിക്കാന്‍ കഴിയുന്നത് കേരളത്തിനാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ് മൈതാനിയില്‍ ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ മുന്നോടിയായി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വായനശാലകള്‍ കേവലം വായനയുടെ ഇടങ്ങള്‍ മാത്രം ആയിരുന്നില്ല. വായനശാലകള്‍ ഒരു സംസ്‌കാരത്തെ ഉല്‍പാദിപ്പിച്ചു. സമകാലിക ഇന്ത്യയില്‍ ചരിത്രത്തിന്റെ അപകടകരമായ അപനിര്‍മിതി രാജ്യത്താകെ ബാധിക്കുകയാണ്. ഇത്ര അപകടകരമായ കാലത്തിലൂടെ രാജ്യം കടന്നു പോയിട്ടില്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പോരാട്ടത്തിലൂടെ യാഥാര്‍ഥ്യമാക്കിയ ഇന്ത്യയിലെ ജനങ്ങള്‍ എന്ന പേരിലുള്ള ഭരണഘടനയുടെ ആമുഖം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ചെറുത്തു നില്‍പ്പുകള്‍ക്ക് ശക്തി പകരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അധ്യക്ഷത വഹിച്ചു. ഡോ വി ശിവദാസന്‍ എംപി വിശിഷ്ടാതിഥിയായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍, ടി പ്രകാശന്‍, ടി കെ ഗോവിന്ദന്‍, എ വി അജയകുമാര്‍, ഒ എസ് ഉണ്ണികൃഷ്ണന്‍, ഡോ. അനീഷ് കുമാര്‍ കെ വി, ഡോ. എഎസ് പ്രശാന്ത് കൃഷ്ണന്‍, ജെ കെ ജിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications