കേരള കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചു: തില്ലങ്കേരി ഡിവിഷനിൽ തിരഞ്ഞെടുപ്പ് റദ്ദാക്കി
കണ്ണൂർ: തില്ലങ്കേരി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോർജ്ജുകുട്ടി അന്തരിച്ച സാഹചര്യത്തിൽ തില്ലങ്കേരി ഡിവിഷനിലേക്ക് ഡിസംബർ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കി. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തിയ്യതിയ്ക്ക് ശേഷവും തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പും സ്ഥാനാർത്ഥി മരണപ്പെട്ടാൽ സ്ഥാനാർത്ഥി മരണപ്പെട്ടാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നിർത്തലാക്കിയതെന്നും അറിയിച്ചു.
1994ലെ പഞ്ചായത്തിരാജ് ആക്ട് 68ാം വകുപ്പിൽ ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ജില്ലാ പഞ്ചായത്ത് തില്ലങ്കേരി തിരഞ്ഞെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതേ സമയം കൊറോണ ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ പ്രത്യേക തപാൽ ബാലറ്റുകളുടെ വിതരണം കണ്ണൂർ ജില്ലയിൽ ആരംഭിച്ചിട്ടുമുണ്ട്. സ്പെഷ്യൽ ബാലറ്റ് പേപ്പർ വിതരണത്തിനും ശേഖരണത്തിനുമായി രൂപീകൃതമായ സ്പെഷ്യൽ പോളിംഗ് ഓഫീസർ, സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
Recommended Video




Click it and Unblock the Notifications