'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം'; ജയരാജന്റെ വിവാദ പുസ്‌തകം പുറത്തിറങ്ങുന്നു, പിണറായി പങ്കെടുക്കും
തലശേരി:പ്രസിദ്ധീകരണത്തിന് മുൻപേ വിവാദമായ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ രചിച്ച കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 26 ന് രാവിലെ 10.30 ന് കോഴിക്കോട് എൻജിഒ യൂനിയൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. അധികാരത്തിൽ പിടിമുറുക്കിയ ഹിന്ദുത്വശക്തികളെപ്പോലെ തന്നെ കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമും ദോഷകരമായി സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചാണ് പി ജയരാജൻ തൻ്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ഹിന്ദുത്വ തീവ്രവാദശക്തികളുടെ സമൂഹത്തിലെ നുഴഞ്ഞുകയറ്റത്തെ കുറിച്ചു 2003ൽ ചിന്താ പബ്ളിക്കേഷൻസ് പുറത്തിറക്കിയ സംഘർഷങ്ങളുടെ രാഷ്ട്രീയമെന്ന വായനക്കാരിൽ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെന്ന് പി ജയരാജൻ പുസ്തകത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഭൂരിപക്ഷ വർഗീയതയെപ്പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വർഗീയതയുമെന്ന തിരിച്ചറിവിൽ നിന്നാണ് തുടർച്ചയായി മറ്റൊരു പുസ്തകം കൂടി എഴുതിയത്.

മതനിരപേക്ഷതയ്ക്ക് പേരുകേട്ട മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടെയിലും സ്വത്വവാദവും വർഗീയ തീവ്രവാദ ആശയങ്ങളും രൂപപ്പെടുന്നതിനെ കുറിച്ചുള്ള പഠനമാണ് പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയമെന്നും പി.ജയരാജൻ അറിയിച്ചു. പ്രസിദ്ധീകരിക്കുന്നതിന് മുൻപെ ആ പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെക്ക് യുവാക്കളെ റിക്രൂട്ട്മെൻ്റ് ചെയ്യുന്നതായി പി ജയരാജൻ തുറന്നു പറഞ്ഞത് ജമാത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ ജനാധിപത്യത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും പേര് പറഞ്ഞ് പ്രവർത്തിക്കുമ്പോൾ അണിയറയിൽ മതരാഷ്ട്രവാദം കുത്തിവയ്ക്കുകയാണെന്നാണ് പി.ജയരാജൻ്റെ പുസ്തകത്തിലെ വിമർശനത്തിൻ്റെകാതൽ.
പി ജയരാജൻ്റെ ഈ നിലപാടുകൾ രാഷ്ട്രീയപരമായും മതപരവുമായും കടുത്ത എതിർപ്പിന് കാരണമായിരുന്നു. മുസ്ലിം ലീഗും സുന്നി സംഘടനകളും പി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ അടിസ്ഥാനരഹിതമാണെന്ന് വിമർശിച്ചിരുന്നു. മലപ്പുറം വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പി ജയരാജൻ്റെ വിവാദപുസ്തകമിറങ്ങുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്. വ്യക്തി പൂജാ വിവാദത്തിൻ്റെ പേരിൽ പാർട്ടി കണ്ണൂർജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റപ്പെട്ട പി ജയരാജൻ കഴിഞ്ഞ കുറെ വർഷങ്ങളായി പാർട്ടി മുഖ്യധാരയിലുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെക്കാലം അകൽച്ചയിലായിരുന്ന അദ്ദേഹത്തിൻ്റെ പുസ്തക പ്രകാശനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം പി ജയരാജൻ പാർട്ടി മുഖ്യധാരയിലേക്ക് അതിശക്തമായി തിരിച്ചു വരുന്നുവെന്ന സന്ദേശവും പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിലൂടെ നൽകുന്നുണ്ട്.
നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാനാണ് പി. ജയരാജൻ. വരുന്ന സംസ്ഥാന സമ്മേളനത്തോടെ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുമെന്ന സൂചനയുമുണ്ട്. മുഖ്യമന്ത്രിയുടെ വിവാദമലപ്പുറം പരാമർശത്തിന് ശേഷമാണ് പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ച് പി ജയരാജൻ എഴുതിയ പുസ്തകവും പുറത്തിറങ്ങുന്നത്. പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി എന്തു പറയുമെന്ന കാര്യം രാഷ്ട്രിയ കേരളം ഉറ്റുനോക്കുന്നതാണ്.












Click it and Unblock the Notifications