Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിന്റെ മലയോര മേഖലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി, വന്‍കൃഷിനാശം

ശ്രീകണ്ഠാപുരം: കര്‍ണാടക വനമേഖലയില്‍ പേമാരി കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കര്‍ണാടക വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. വ്യാഴാഴ്ച്ച രാവിലെ കാപ്പിമലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈതല്‍കുണ്ടെന്ന എന്ന വിനോദസഞ്ചാരകേന്ദ്രത്തിന് അടുത്താണ് ഉരുള്‍പൊട്ടലുണ്ടായത്.ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.വന്‍കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുളളത്.കരുവഞ്ചാല്‍ ടൗണില്‍ വെളളം കയറി.

ആലക്കോട് ഭാഗങ്ങളിലെ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കാപ്പിമലയിലെ താഴ്വാരങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചെറുപുഴ ഉദയംകാണാകുണ്ടിലും വ്യാഴാഴ്ച്ച ഉച്ചയോടെ ഉരുള്‍പൊട്ടി. ടാറിങ് ചെയ്യാത്ത റോഡ് ഒലിച്ചു പോയിട്ടുണ്ട്. മലവെളളപ്പാച്ചിലില്‍ നാല് വൈദ്യുതി തൂണുകള്‍ കടപുഴകി വീണു. കണ്ണൂര്‍-കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലും ഉരുള്‍ പൊട്ടി.ബളാല്‍ പഞ്ചായത്തിലെ പുഞ്ച ചെത്തി പുഴതട്ടിലാണ് ഉരുള്‍ പൊട്ടിയത്. ചെറുവീട്ടില്‍ കാവേരിയുടെ വീടിന്റെമുറ്റത്ത് വ്യാഴാഴ്ച ഉച്ചയോടെ വലിയശബ്ദത്തോടെയാണ് ഉരുള്‍ പൊട്ടിയത്..ഈ സമയത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേരുണ്ടായിരുന്നു. ഇവരെ മാറ്റിപാര്‍പ്പിച്ചു.

kannur-rain

കനത്തമഴയില്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തും കടവ് റോഡിലേക്ക് കൂറ്റന്‍പാറ ഇടിഞ്ഞുവീണു,.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.നിരവധി വാഹനങ്ങള്‍ പോകുന്ന റോഡാണിത്. പാറ ഇടിഞ്ഞുവീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇതുവഴി പോകാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി. ഫയര്‍ഫോഴ്സുംദുരന്തനിവാരണ സേനയും ചേര്‍ന്ന് കൂറ്റന്‍ പാറ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അതേ സമയം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ രണ്ടാംദിവസവും കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായിട്ടുണ്ട്. വന്‍കൃഷിനാശവും മലയോരമേഖലയില്‍ ഉണ്ടായിട്ടുണ്ട്.

മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടി. കര്‍ണാടക വനമേഖലയായ കരാമരം തട്ട് ഭാഗത്താണ് ഉരുള്‍ പൊട്ടിയത്. ഇതുകാരണം ജില്ലയിലെ പുഴയില്‍ മലവെളളം കയറി. പയ്യാവൂര്‍ വണ്ണായിക്കടവ് പാലം മുങ്ങി, വഞ്ചിയം പുഴയും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി സ്ഥലത്ത്ക്യാംപ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ പുഴയുടെ തീരപ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അഴീക്കോട് മണ്ഡലത്തില്‍ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തില്‍ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അഴീക്കോട് പാലോട്ട് വയല്‍ ആര്‍ കെ യു പി സ്‌കൂള്‍, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാന്‍ ഹയര്‍ സെക്കന്ററി മദ്രസ, ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍, തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.

അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവില്‍ മാറ്റിപാര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്യാമ്പുകള്‍ കെ വി സുമേഷ് എംഎല്‍എ സന്ദര്‍ശിച്ചു.തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ മുബാറക് സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചത് നിലവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഇവിടെയുള്ളത്.

അതേസമയം വെള്ളാട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടല്‍. വൈതല്‍ക്കുണ്ടില്‍ പറമ്പില്‍ ബിനോയുടെ സ്ഥലത്ത് 100 മീറ്ററോളം നീളത്തില്‍ മണ്ണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ആളപായമില്ല. വെള്ളക്കെട്ടിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരന്‍ സ്ഥലം സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.

കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായി. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസില്‍ പി പി ദിവാകരന്‍ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂര്‍ താലൂക്കിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളില്‍ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയില്‍-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാര്‍ദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളില്‍ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിമിരി വില്ലേജ് കോട്ടക്കടവില്‍ കപ്പുവളപ്പില്‍ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള രേഖകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കല്‍ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു.വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതില്‍ തകരുകയും വീടുകള്‍ തകര്‍ച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.

വടകര - തലശ്ശേരി ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന മീത്തലെ മുക്കാളിയില്‍ മണ്ണിടിച്ചില്‍.ഏതാനും ദിവസങ്ങളായി ദേശീയ പാതയുടെ ഇരുവശങ്ങളിലും മണ്ണിടിയുന്നത്. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളില്‍ മഴ പെയ്തതോടെ മണ്ണിടിയുകയായിരുന്നു. ഇതോടെ പാതയുടെ കിഴക്ക് ഭാഗത്തുള്ള എട്ടോളം വീട്ടുകാര്‍ ഭീതിയിലാണ്. പടിഞ്ഞാറ് ഭാഗത്ത് നിലവിലെ ദേശീയ പാതയിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുമ്പോള്‍ ചിലപ്പോള്‍ മണ്ണിടിയാനും സാദ്ധ്യതയുണ്ട്. രണ്ട് ദിവസം മുമ്പ് കെകെ രമ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

ഇന്നലെ വീണ്ടും മണ്ണിടിഞ്ഞതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിര്‍മ്മാണക്കമ്പനിയായ വാഗാഡിന്റെ ഉദ്യോഗസ്ഥരും ചോമ്പാല പോലീസും സ്ഥലത്തെത്തി പാതയുടെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ഗാഡറുകള്‍ സ്ഥാപിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.കനത്തമഴയില്‍ മാഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. പന്തക്കല്‍ സ്റ്റേഡിയത്തിന് സമീപം ഒറ്റപ്പെട്ടു പോയ ആറുകുടുംബങ്ങളെ പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ രക്ഷപ്പെടുത്തി.

പന്തക്കല്‍ എസ്‌ഐ ജയരാജന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ചാലക്കര വയലില്‍ വെളളംകയറിയതോടെ ജനജീവിതം ദുസഹമായിട്ടുണ്ട്. മാഹി നഗരസഭാകാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും ഏതുസാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേന സജ്ജമാണെന്നും റീജ്യനല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ മാഹി നഗരസഭാ കാര്യാലയത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+