തിരഞ്ഞെടുപ്പ് ചട്ടലംഘനം: കെ കെ രാഗേഷ് എംപി ക്ക് കാരണം കാണിക്കൽ നോട്ടീസ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എം പിക്കും, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കും തിരഞ്ഞെടുപ്പ് കമിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.
ധർമ്മടത്ത് പിണറായിയോട് നേർക്ക് നേർ ഏറ്റുമുട്ടാനാര്? ആളെ തേടി കോൺഗ്രസ്, മുന്നിൽ സി രഘുനാഥ്
നോട്ടിസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കലക്ടർ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. മുണ്ടേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം നടത്തിയതിനാണ് രാഗേഷിന് നോട്ടിസ് നൽകിയത്. കണ്ണൂർ കോർപറേഷൻ ശുചിത്വ കേരളം മാലിന്യ സംസ്കരണ പരിപാടിയിൽ പങ്കെടുത്തതിന് മേയർ ടി.ഒ.മോഹനനും മമ്പറം പാലം ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെയും നോട്ടീസ് നൽകി.
ഇതിനിടെ കണ്ണുരിൽ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടർ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം. മാസ്ക്, കൈയുറകള്‍ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.
മീറ്റിംഗ് ഹാളുകളില്‍ യോഗങ്ങള്‍ നടത്തുന്ന ഹാള്‍/ മുറിയുടെ കവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാള്‍ കണ്ടെത്തുകയും എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളിൽ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം.
പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ. മാസ്ക്, ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം. മാസ്ക് മുഖത്തുനിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്. വീടുകള്‍ക്ക് അകത്തേക്ക് പ്രവേശിക്കരുത്. ക്വാറന്റൈനിലുള്ള വീടുകളിലും കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പ്രചാരണത്തിന് പോകരുത്. കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക.
ജാഥകളിലും പൊതുയോഗങ്ങളിലും ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാര്‍ഗനിർദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം നടത്തുക. പൊതുയോഗത്തിനുള്ള മൈതാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍ ഒരുക്കണം. മൈതാനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം.പൊതുയോഗങ്ങളില്‍ തെര്‍മല്‍ സ്കാനിംഗ് നടത്തുകയും മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണമെന്നും കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് നിർദ്ദേശിച്ചു.