'വേട്ടയാടാന്‍ നോക്കേണ്ട, മാത്യു കുഴല്‍നാടന് പിന്നില്‍ കോണ്‍ഗ്രസുണ്ട്'; മുഖ്യമന്ത്രിയോട് സുധാകരന്‍
കണ്ണൂര്‍: മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്ക് പിന്തുണയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോടികള്‍ കുമിഞ്ഞുകൂടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യു കുഴല്‍നാടന്‍ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. അതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമ്മിം ആഭ്യന്തര വകുപ്പും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി. തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ലെന്ന യാഥാര്‍ഥ്യം സിപിഎം. തിരിച്ചറിയണം എന്നും അദ്ദേഹത്തെ വേട്ടയാടാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സിപിഎമ്മും ഇറങ്ങിത്തിരിച്ചാല്‍ അതേനാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്‌നിയുടെ ചൂടും സര്‍ക്കാര്‍ അറിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
' മാത്യു കുഴല്‍നാടന്റെ വെല്ലുവിളി കാണാന്‍ മുഖ്യമന്ത്രിക്ക് കണ്ണുകളും കേള്‍ക്കാന്‍ ചെവികളുമില്ല. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രിക്ക് അങ്ങേയറ്റം ഉത്സാഹമുണ്ട്. മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ പേടിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദംപോലെ സ്വഭാവത്തിലും പ്രവൃത്തിയിലും നിരവധി സാമ്യങ്ങളുണ്ട്,' സുധാകരന്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ നേതാക്കളെയെല്ലാം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടുണ്ട്. എന്നാല്‍ പിണറായിക്കെതിരേ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ മാത്രം നിരത്തിയെഴുതിയാല്‍ ഒരു നോട്ടുബുക്ക് തികയാതെവരും എന്നും അദ്ദേഹം പരിഹസിച്ചു. നാണം കെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജിവെക്കാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
എന്ത് നെറികേടിലൂടെയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തി മാത്രമാണ് സിപിഎമ്മിനുള്ളത്. മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. കിടപ്പാടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പോലും കൈയിട്ടുവാരിയവരാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരുമെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications