കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് കെഎസ്‌യു; എസ്എഫ്‌ഐക്ക് ആറ് സീറ്റ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ആധിപത്യം നിലനിര്‍ത്തി. കഴിഞ്ഞ തവണത്തെ ആറ് സീറ്റുകള്‍ നിലനിര്‍ത്തിയാണ് എസ്എഫ്‌ഐ മേധാവിത്വം നിലനിര്‍ത്തിയത്. എന്നാല്‍ സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായി രണ്ടു സീറ്റുകള്‍ നേടി കെഎസ്‌യു സെനറ്റില്‍ അക്കൗണ്ട് തുറന്നു. കെഎസ്‌യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍, സൂര്യ അലക്സ് എന്നിവരാണ് സെനറ്റ് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്.
സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്‌യുവിന് രണ്ട് സീറ്റുകള്‍ ലഭിക്കുന്നത്. ഇതില്‍ ഒരെണ്ണം കഴിഞ്ഞ തവണ എസ്എഫ്‌ഐ വിജയിച്ച റിസര്‍ച്ച് വിഭാഗത്തിലെ മെമ്പര്‍ സ്ഥാനമാണ്. പ്രൊഫഷണല്‍ വിഭാഗത്തില്‍ ആഷിത്ത് അശോകനും റിസര്‍ച്ച് വിഭാഗത്തില്‍ സൂര്യ അലക്സുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ എംഎസ്എഫിന്റെ മൂന്ന് സീറ്റുണ്ടായിരുന്നത് രണ്ടായി കുറഞ്ഞിട്ടുണ്ട്.

എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിനും വിദ്യാര്‍ത്ഥി വിരുദ്ധ സമീപനത്തിനുമുള്ള മറുപടിയും വരാന്‍ പോകുന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളുടെ സൂചനയുമാണ് സെനറ്റ് തെരഞ്ഞെടുപ്പിലെ കെഎസ്‌യുവിന്റെ മിന്നുന്ന വിജയമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. തെരഞ്ഞെടുപ്പാകെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും വോട്ടര്‍മാരായ കൗണ്‍സിലര്‍മാരില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ മോഷ്ടിക്കുകയും ചെയ്ത എസ്എഫ്‌ഐയുടെ മുഖത്തേറ്റ അടിയാണ് കെഎസ്‌യുവിന്റെ അട്ടിമറി വിജയമെന്ന് ജില്ലാ പ്രസിഡന്റ് എംസി അതുലും പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം സര്‍വ്വകലാശാല ആസ്ഥാനത്ത് നിന്നും വിജയികളെ ആനയിച്ചുള്ള ആഹ്ലാദ പ്രകടനം നഗരം ചുറ്റി ഡിസിസി ഓഫീസില്‍ സമാപിച്ചു. പ്രകടനത്തിന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എംസി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാസ് ഉണ്ണിയാടന്‍, ഹരികൃഷ്ണന്‍ പാളാട്, അബിന്‍ വടക്കേക്കര, കെ കാവ്യ, എബിന്‍ കേളകം, സികെ ഹര്‍ഷരാജ്, അലേഖ് കാടാച്ചിറ, അനഘ കുന്നോല്‍, റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈര്‍, മുബാസ് സിഎച്ച്, തീര്‍ത്ഥ നാരായണന്‍, അര്‍ജുന്‍ ചാലാട്, ചാള്‍സ് സണ്ണി, റിസ്വാന്‍ സിഎച്ച്, ശ്രീരാഗ് ടിപി, വൈഷ്ണവ് കായലോട്, ഹരികൃഷ്ണന്‍ പൊറോറ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications