വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണം: കെഎസ് യു
കണ്ണൂർ: കണ്ണുർ സർവ്വകലാശാലയിൽ വിവാദ മായ സിലബസ് സംബന്ധിച്ച് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകൻ ചെയർമാനായ ബോർഡ് ഓഫ് സ്റ്റഡീസിന് തന്നെ കൈമാറിയ നടപടിയിൽ പ്രതിഷേധവുമായി കെഎസ് യു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ കെഎസ് യു നേതാക്കൾ വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ നേരിൽ കണ്ട് സർവ്വകലാശാല നടപടിൽ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വി സി യുമായി നടത്തിയ ചർച്ചയിൽ വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ മാറ്റി പകരം മറ്റൊരു അധ്യാപകനെ സമിതിയുടെ അധ്യക്ഷനാക്കുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
വിഷയത്തിൽ സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും വിദഗ്ധ സമിതി റിപ്പോർട്ട് തുടർ നടപടിക്ക് സിലബസ് തയ്യാറാക്കിയ അധ്യാപകൻ അധ്യക്ഷനായ സമിതിക്ക് തന്നെ കൈമാറിയ നടപടി വിചിത്രമാണെന്നും സർവ്വകലാശാല സിലബസ്സിൽ സംഘപരിവാർ അജണ്ട ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ ഭാവിക്ക് ദോഷകരമാകാൻ സാധ്യതയുണ്ടായിരുന്ന സംഭവത്തിൽ തെറ്റ് സമ്മതിച്ച സർവ്വകലാശാല കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

വീഴ്ചയുണ്ടായെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സിലബസ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകനെതിരെ മാതൃകപരമായ നടപടി സ്വീകരിക്കേണ്ടത് പൊതു വിദ്യാഭ്യാസത്തിൽ മികവോടെയുള്ള ഇടപെടലുകൾ സൃഷ്ടിക്കാൻ അത്യന്താപേക്ഷിതമാണെന്നും ഷമ്മാസ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണത്തിന് ചൂട്ട് പിടിക്കുന്നവരെ സർവ്വകലാശാലയുടെ പ്രധാന ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ ഒരു തലമുറയെ ആകെ ദോഷകരമായി ബാധിക്കുമെന്ന് ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂർ സർവ്വകലാശാല പിജി സിലബസ്സിൽ വിവാദ ഭാഗം ഉൾപ്പെടുന്ന പേപ്പർ മൂന്നാം സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്ന് കണ്ണൂർ സർവ്വകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പറയേണ്ടിവന്നത് കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ദേശീയ ബോധമുള്ള സംഘടനകളും ഗൗരവതരമായി പ്രശ്നത്തിൽ ഇടപെട്ടത് കൊണ്ട് മാത്രമാണെന്ന് കൂടി കാഴ്ച്ചയ്ക്കുശേഷം മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
മാറ്റങ്ങളോടെ ഈ ഭാഗം നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും സിലബസ്സിൽ പോരായ്മകൾ ഉണ്ടായിരുന്നു എന്നാണ് വിദഗ്ദ സമിതിയുടെ വിലയിരുത്തൽ എന്നും പറഞ്ഞ വൈസ് ചാൻസലർ ഇനിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങാതെ കാര്യഗൗരവത്തോടെ അക്കാദമിക്ക് കാര്യങ്ങളിൽ ഇടപെടണമെന്നും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും
പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. കെ.എസ്.യു നേതാക്കളായ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ആഷിത് അശോകൻ എന്നിവരും വി.സി യുമായുള്ള ചർച്ചയിൽ പങ്കെടുത്തു.












Click it and Unblock the Notifications