കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം: സ്വാഗതസംഘം രൂപീകരിച്ചു
തലശേരി: ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നടക്കുന്ന കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്നു. യോഗം ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പകരംവെയ്ക്കാന്‍ മറ്റൊരാളില്ലെന്നും പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണദാസ് പറഞ്ഞു. അവനവന് വേണ്ടിയല്ലാതെ അപരന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു ജയകൃഷ്ണന്റേത്. സമൂഹത്തിന് വേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും ജീവിക്കുകയായിരുന്നു.

മരണം മുന്നില്‍ കണ്ടിട്ടും സിപിഎം മാടമ്പിത്തരത്തിന് മുന്നില്‍ ഒരുതരത്തിലും കീഴടങ്ങാന്‍ തയ്യാറാകാത്ത ജയകൃഷ്ണനെ പഠിപ്പിക്കുന്ന ക്ലാസ് മുറിയില്‍ കയറി സി.പി. എം പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഘടനയ്ക്ക് വേണ്ടി പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവന്‍ പോലും തൃണവല്‍ഗണിച്ച ജയകൃഷ്ണന്റെ ബലിദാനം പുതുതലമുറയ്ക്ക് പ്രേരണയും പ്രചോദനവുമാണ്.
ജയകൃഷ്ണന്റെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവാണ്. ദുര്‍ഘടം നിറഞ്ഞ സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ കണ്ണൂരിലെ സംഘ പരിവാര്‍ സംഘടനാ നേതാക്കള്‍ക്ക് ജയകൃഷ്ണന്‍ അന്നും ഇന്നും പ്രേരണാ സ്രോതസ്സാണ്. അന്ന് സ്വീകരിച്ച അതേ നിലപാടാണ് സിപിഎം എതിരാളികളോട് ഇന്നും വെച്ച് പുലര്‍ത്തുന്നത്. എതിരാളികളെ വധിക്കുക മറുഭാഗത്ത് അവരെ അപകീര്‍ത്തിപ്പെടുത്തുക. അതായത് വധവും തേജോവധവും അതാണ് എല്ലാകാലത്തും സിപിഎം നയം. ഒരു തെറ്റും ചെയ്യാതെ നിയമപരമായ നിലപാടുകളെടുത്ത ഗവര്‍ണ്ണറോട് കാണിക്കുന്ന നിലപാടും ഇത്തരം അസഹിഷ്ണുതയുടെ തുടര്‍ച്ചയായ നടപടികളാണ്. ഭീഷണി ഭാഷയാണ് ഉപയോഗിക്കുന്നത്. ഇരട്ട ചങ്കുളളയാളാണ് മുഖ്യമന്ത്രിയെങ്കില്‍ ഇരട്ടി ചങ്കുളളവനാണ് ഗവര്‍ണ്ണറെന്ന് തെളിയിച്ചിരിക്കുകയാണ്. ധിക്കാരപരമായ നിലപാടാണ് സിപിഎമ്മിനുളളത്. രാജ്യത്തെ നിയമവും നീതിയും സിപിഎം സര്‍ക്കാരിനും ബാധകമാണെന്ന് സിപിഎം നേതൃത്വവും ഭരണകൂടവും മനസ്സിലാക്കണം. അല്ലാത്തപക്ഷം ഇഎംഎസ് സര്‍ക്കാരിനുണ്ടായ ഗതികേട് വിളിച്ചു വരുത്തലാവും ഫലമെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജ് എം.എ. നിസാര്‍, ബിജെപി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, മേഖല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആര്‍. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ജിതിന്‍ രഘുനാഥ്, ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അര്‍ച്ചന വണ്ടിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍മാവിലാക്കണ്ടി സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications