തെയ്യം കലാരംഗത്തെ കുലപതി കുഞ്ഞിരാമന്‍ പെരുവണ്ണാന്റെ വിയോഗം തീരാ നഷ്ടം
തളിപറമ്പ് : വടക്കെ മലബാറിലെ തെയ്യം കലാരംഗത്തെ കുലപതി മഴൂരിലെ കുഞ്ഞിരാമ പെരുവണ്ണാന്‍ വിട പറഞ്ഞത് തെയ്യം കലാരംഗത്തിന് കനത്ത നഷ്ടമായി.നിരവധി അവാര്‍ഡുകള്‍ നല്‍കി നാടും നഗരവും ആദരിക്കുമ്പോഴും എല്ലാവരോടും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഇടപഴകിയ ഏറെക്കാലം കൈതക്കീന്‍ ഭഗവതിയുടെ കോലധാരിയായിരുന്ന മഴൂരിലെ കുഞ്ഞിരാമ പെരുവണ്ണാന്റെ വിയോഗത്തിലൂടെ നാടിനും സാംസ്‌കാരിക ലോകത്തിനും പകരക്കാരനില്ലാത്ത കലാകാരനെയാണ് നഷ്ടമായത്.
മഴൂര്‍ പൂമംഗലം സ്വദേശിയായ കുഞ്ഞിരാമപ്പെരുവണ്ണാന്‍ തന്റെ പത്താം വയസ്സില്‍ നെല്ലിയോട്ട് കരിവേടനും തന്റെ പന്ത്രണ്ടാം വയസില്‍ നിദ്രാ ഗോപാലന്‍ കെട്ടി തലപ്പാളി അണിഞ്ഞ് തെയ്യക്കാരനായി. പതിനാറാം വയസില്‍ മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ കൊടുമുടി ആദ്യമായി ശിരസിലേറ്റി . 1970 ല്‍ മഴൂര്‍ വയല്‍ത്തിറയില്‍ പുതിയ ഭഗവതി കെട്ടി. കോലത്തില്‍ തന്നെ ചെവിട്ടുങ്കര ഇല്ലത്തുനിന്നും വള നല്‍കി ആദരിച്ചിരുന്നു.

പയറ്റിയാല്‍ ഭഗവതിയെ ഉപാസിക്കുന്ന മഴൂര്‍ കുഞ്ഞിരാമപ്പെരുവണ്ണാന്‍ മാവിച്ചേരി പയറ്റിയാല്‍ക്കാവില്‍ പയറ്റിയാല്‍ ഭഗവതി 32 വര്‍ഷത്തോളവും പന്നിയൂര്‍ പയറ്റിയാല്‍ കാവില്‍ 30 വര്‍ഷവും, നടുവില്‍ പയറ്റിയാല്‍ക്കാവിലും മുക്കുന്ന് പയറ്റിയാല്‍ക്കാവിലും ഭഗവതിയെ കെട്ടിയാടിയിട്ടുണ്ട്. ചെറുകുന്ന് ഒദയമ്മാടം വേട്ടക്കരുമകന്‍ ക്ഷേത്രത്തില്‍ ആയിരത്തില്‍ അധികം തവണ വേട്ടക്കരുമകന്റെ തെയ്യം കെട്ടിയാടായിട്ടുണ്ട്.
എട്ടു വര്‍ഷമായി തെയ്യം കെട്ടല്‍ രംഗത്ത് സജീവമല്ലെങ്കിലും തോറ്റം പാട്ടിന് പ്രാധാന്യമുള്ള മരക്കലത്തമ്മയുടെ മുന്‍ തോറ്റവും , കതിവന്നൂര്‍ വീരന്റെയും, കടാങ്കോട്ട് മാക്കത്തിന്റെയും, ബാലിയുടെയും തോറ്റം യഥാവിധിയോടെ അതിന്റെ അന്തസത്ത ഉള്‍കൊണ്ട് ചൊല്ലുന്നതില്‍ അഗ്രഗണ്യനാണ് മഴൂര്‍ കുഞ്ഞിരാമപ്പെരുവണ്ണാന്‍. അണിയല നിര്‍മ്മാണത്തിലും മുഖത്തെഴുത്തിലും പ്രഗല്‍ഭനാണ് മഴൂര്‍ കുഞ്ഞിരാമ പെരുവണ്ണാന്‍. തെയ്യത്തിനോടുള്ള മഴൂരിന്റെ ആത്മാര്‍ത്ഥതയും, പ്രാഗല്‍ഭ്യവും, കഴിവും പരിഗണിച്ച് തൃശ്ചംബരം ക്ഷേത്രം, പന്നിയൂര്‍ കാവ്, നെല്ലിയോട്ട് , കീറ കാവ് , കീഴറകൂലോം എന്നിവിടങ്ങളില്‍ വച്ച് അദ്ദേഹത്തെ അര്‍ഹമായ അംഗീകാരം നല്‍കി ആദരിച്ചു.
2020 ഫോക് ലോര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. തെയ്യത്തിന്റെ സമസ്ത മേഖലയിലും അറിവും, കഴിവും, പ്രാഗല്‍ഭ്യവും തെളിയിച്ച തെയ്യത്തെ അതിന്റെ തനിമ ചോരാതെ അനുഷ്ടാനത്തോടെ മാത്രം കണ്ട ഉത്തമനായ കനലാടി മഴൂര്‍ കുഞ്ഞിരാമപ്പെരുവണ്ണാന്റെ തെയ്യ സ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇന്നത്തെ പുതിയ തലമുറയിലെ തെയ്യം കനലാടിമാര്‍ക്ക് ഊര്‍ജവും, ധൈര്യവും നല്‍കുന്നതായിരുന്നു. വടക്കെമലബാറിലെ തെയ്യക്കാവുകളില്‍ നിറ സാന്നിദ്ധ്യമായി നിറഞ്ഞു നിന്നിരുന്ന കുഞ്ഞിരാമന്‍ പെരുവണ്ണാന് നൂറു കണക്കിന് ശിഷ്യന്‍മാരുണ്ട്. തോറ്റംപാട്ടില്‍ ഒരു പാഠപുസ്തകം തന്നെയായിരുന്ന അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ച് ഫോക്ലോര്‍ അക്കാദമി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.












Click it and Unblock the Notifications