വ്യാജ ആയുര്‍വേദമരുന്ന് വില്‍പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; ആന്ധ്രാപ്രദേശ് സ്വദേശികൾ പിടിയിൽ
തളിപറമ്പ്: മലയോര പ്രദേശങ്ങളില്‍ വ്യാജ ആയുര്‍വേദ മരുന്നുകള്‍ വിറ്റിരുന്ന ആന്ധ്രസ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. രാജു എന്ന ആളിനേയും കൂട്ടാളിയെയുമാണ് നാട്ടുകാര്‍ പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വില്‍പന നടത്തുകയാണിവർ.
നടുവേദന ,ശരീരവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവര്‍ വിൽപന നടത്തിയിരുന്നത്. വീട്ടില്‍ എത്തി സ്ത്രീകളെയാണ് ഇവര്‍ പാട്ടിലാക്കുന്നത്.മുന്‍കൂറായി പണം വാങ്ങിയും,മരുന്ന് കൊടുത്തതിന് ശേഷം പണം കൈക്കലാക്കലുമാണ് ഇവര്‍ കൂടുതലായും ചെയ്യുന്നത്.പാക്കറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവര്‍ വില്‍പന നടത്തുന്നത്.

പല സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിലായാണ് ഇവര്‍ വ്യാജ മരുന്നുകള്‍ വില്പന നടത്തുന്നത്.തളിപ്പറമ്പ്, പടപ്പേങ്ങാട് ,ആലക്കോട് എന്നീ മേഖലയില്‍ വില്പന നടത്തുകയും, ഇത് വാങ്ങിക്കഴിച്ചവര്‍ക്ക് വയറുവേദന, വയറിളക്കം ഛര്‍ദ്ദി തുടങ്ങി പലതരത്തില്‍ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് വ്യാജ ആയുര്‍വേദ മരുന്ന് വാങ്ങി വഞ്ചിതരായവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.ഇത്തരത്തില്‍ മരുന്ന് വാങ്ങി കഴിച്ച് 'പണി കിട്ടിയ' ഓരോരുത്തരുടേയും അനുഭവം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ് നാട്ടുകാര്‍ ഇവരെ പിടിച്ചു നിര്‍ത്തുകയും മരുന്ന് വാങ്ങി വഞ്ചിതരായവരെ അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നുു.
പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളില്‍ നിന്നായി മരുന്ന് കൊടുത്ത് ഇവര്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം മൂന്നുലക്ഷത്തോളം രൂപയാണ് ഇവര്‍ വ്യാജമരുന്ന് വില്‍പനയിലൂടെ തട്ടിയെടുത്തത്. മുന്‍കൂറായി പൈസ വാങ്ങി മരുന്ന് നല്‍കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.
നടുവേദന,മുട്ടുവേദന, കൂടാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ ഇവരുടെ ആയുര്‍വേദ മരുന്ന് കഴിച്ച് എഴുന്നേല്‍പ്പിച്ചു നടത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞാണ് ഇവർ വിൽപ്പന നടത്തിയത്.
പാപ്പിനിശ്ശേരിയിലാണ് ഈ സംഘം താമസിച്ചിരുന്നതെന്നു പൊലിസ് അറിയിച്ചു. ഇവരെകുറിച്ചു കൂടുതല്‍ അന്വേഷണംനടത്തിവരികയാണ്.ആരോഗ്യത്തിന് ഹാനികരമായ ഒറ്റമൂലികളാണ് ഇവര്‍ വില്‍പന നടത്തിവരുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ്അറിയിച്ചു.
എന്നാല്‍ നേരത്തെ ഈ സംഘത്തെ കുറിച്ചു പരാതി നല്‍കിയിട്ടും പൊലിസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന ആരോപണംപ്രദേശവാസികള്‍ക്കുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെയോ ആന്ധ്രാസര്‍ക്കാരിന്റെയോ യാതൊരുവിധത്തിലുളള ലൈസന്‍സും ഇവര്‍ വിറ്റിരുന്ന മരുന്നുകള്‍ക്കില്ലെന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോളര്‍ വിഭാഗത്തിനും പൊലിസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അംഗീകൃത ലാബ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ ഉളളില്‍ കഴിക്കുന്ന മരുന്ന് അനധികൃതമായി വില്‍പന നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഉദ്യോഗസഥര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications