കണ്ണൂരില്‍ രണ്ടിടങ്ങളിലായി വന്‍നിരോധിതപുകയില ഉല്‍പന്നശേഖരം പിടികൂടി
കണ്ണൂര്‍:കണ്ണൂര്‍ നഗരപരിസരത്ത് രണ്ടിടങ്ങളില്‍ പൊലിസ് പിടികൂടിയത് വന്‍ നിരോധിത പുകയില ഉല്‍പ്പന്ന ശേഖരം. വാഹനപരിശോധനയില്‍ 30ലക്ഷത്തിന്റെ പുകയില ഉല്‍പ്പന്ന ശേഖരമാണ് രണ്ടു ലോറികളില്‍ നിന്നായി പിടികൂടിയത്. മംഗളൂരില്‍ നിന്നും കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന രണ്ടു ലോറികളാണ് ദേശീയപാതയില്‍ നിന്നും പിടിച്ചെടുത്തത്.
ആദ്യ ലോറിയിൽ നിന്ന് കുട്‌ലുമധൂര്‍ മീപ്പുഗിരിയിലെ എ. എം യൂസഫ്(67) മകനായ കുട്‌ലൂ മീപ്പുഗിരിയിലെ എ.വി ജാബിര്‍(35) എന്നിവരാണ് അറസ്റ്റിലായത്. ലോഡുകയറ്റി പോവുകയായിരുന്ന കെ. എല്‍. 119257 ലോറിയടക്കം പൊലിസ് പിടികൂടുകയായിരുന്നു.

പുകയില ഉല്‍പന്ന ലോഡുകളുമായി പോകുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കണ്ണൂര്‍-തലശേരി ദേശീയപാതയിലെ തോട്ടടയില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ചാക്കുകളില്‍ പുകയില ഉല്‍പന്നങ്ങള്‍ നിറച്ചു പോവുകയായിരുന്ന ആദ്യലോറി പിടികൂടിയത്. നിരോധിതപുകയില ഉല്‍പന്നങ്ങളായ ഹന്‍സ്, പാന്‍പരാഗ്, കൂള്‍ലിപ്പ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്.
ഏകദേശം പത്തുലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളാണ് ഇവരില്‍ പിടിച്ചെടുത്തത്. പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ ലോറി പുറകെ നിന്നും വരുന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് താഴെചൊവ്വയില്‍ നടത്തിയ റെയ്ഡില്‍ പച്ചക്കറി കയറ്റി പോവുകയായിരുന്ന ലോറിയില്‍ നിന്നും 20ചാക്ക് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഈ ലോറിയിലുണ്ടായിരുന്ന കാസര്‍കോട് ഉദയഗിരി കൃഷ്ണനഗര്‍ കോളനിയിലെ ഗിരീഷ്(39) കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ നിഖില്‍(22) മംഗളൂര് തലപ്പാടി കെ.സി നഗറിലെ ദാവൂദ്(40) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ .കെ. എല്‍ 14 ക്യൂ1814 നമ്പര്‍ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമത്തെ ലോറിയില്‍ നിന്നും പിടികൂടിയ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഏകദേശം 20ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂര്‍ ടൗണ്‍ എസ്. ഐ അരുണ്‍നാരായണന്‍, എസ്. ഐ ഉണ്ണികൃഷ്ണന്‍, എ. എസ്. ഐമാരായ രഞ്ചിത്ത് , അജയന്‍, എസ്.സി. പി.ഒ മാരായ ഷിജു, നിഷാന്ത്, നാസര്‍, രാജേഷ്, തുടങ്ങിയവരും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മംഗ്‌ളൂര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റുമുഖേനെയാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications