പിണറായി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയം: പികെ കുഞ്ഞാലിക്കുട്ടി
വളപട്ടണം: കേരളസര്‍ക്കാറിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂര്‍ണ്ണ പരാജയമാണെന്നും ഒന്നാം പിണറായി സര്‍ക്കാറിലും രണ്ടാം പിണറായി സര്‍ക്കാറിലും ധനകാര്യ മന്ത്രിമാരായിരുന്നവര്‍ കേരളത്തെ പട്ടിണിയിലും കെടുകാര്യസ്ഥതയിലും കൊണ്ടെത്തിച്ചു വെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നികുതി പിരിവിലും മറ്റും അമാന്തം കാട്ടിയത് കൊണ്ടാണ് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്.
ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് പാവപ്പെട്ട കൂലിത്തൊഴിലാളികളും കര്‍ഷകരും മറ്റുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴീക്കോട് നിയോജക മണ്ഡലം യുഡിഎഫ് വിചാരണ സദസ്സ് വളപട്ടണം മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പിഎം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ വിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ വിലയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ നിലവാരം തീര്‍ത്തും നിരാശജനകമായ ഒരുകാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനത്തിനു വേണ്ടി നമ്മുടെ നാടുവിട്ടുപോയ ഒരു വര്‍ഷമാണ് ഈ വര്‍ഷം. പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും പൂട്ടുന്നു. കേരളത്തില്‍ ഇന്നത് വാര്‍ത്തയല്ലാതായി മാറി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു പൊതുമേഖലാ സ്ഥാപനങ്ങളെങ്കിലും പൂട്ടിയാല്‍ അന്ന് പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയ യുവജന സംഘടനകള്‍ക്കും സിപിഎം തൊഴിലാളി സംഘടനകള്‍ക്കും ഇന്നത് ഒരു വിഷയമേ അല്ലാതായി മാറിയിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എപ്പോള്‍ മുടങ്ങും എന്ന് പറയാറായില്ല. പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്ല, റേഷന്‍ കടകളും മാവേലി സ്റ്റോറുകളും കാലിയാണ്. ഇവിടെ സാധനം വിതരണം ചെയ്യുന്നവര്‍ക്കും കോണ്‍ട്രാക്ടുമാര്‍ക്കും കോടികള്‍ കുടിശ്ശികയായി കൊടുത്തു തീര്‍ക്കാനുണ്ട്. അങ്ങനെ വിവിധ ഘടകങ്ങളില്‍ കേരളത്തെ പാപ്പരാക്കി മാറ്റിയ ഒരു സര്‍ക്കാരിനെതിരെയുള്ള കുറ്റവിചാരണയാണ് ഇങ്ങിനെയുള്ള വിചാരണ സദസ്സുകള്‍.
ഭീഷണിപ്പെടുത്തിയോ ഭയപ്പെടുത്തിയോ അല്ല ജനങ്ങളെ ഇവിടെ എത്തിക്കുന്നത്. സ്വയം ജനങ്ങള്‍ ഇവിടെ ഒഴുകിവരുകയാണ്. എന്നാല്‍ നവ കേരളസദസ്സ് എന്ന പേരില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന ബസ് യാത്ര കൊണ്ടുള്ള ഉദ്ദേശം എന്താണെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബല്‍റാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി, ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി.സഹദുള്ള, സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സിഎഅജീര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വിപി വമ്പന്‍, ബികെ അഹമ്മദ് മഹമൂദ് അള്ളാംകുളം, ടികെ അജിത്ത്, സിപി റഷീദ് കാരിച്ചി ശശീന്ദ്രന്‍, സിവി സന്തോഷ്, ടി.ജയകൃഷ്ണന്‍ കുക്കിരി രാജേഷ്, പി വി അബ്ദുല്ലമാസ്റ്റര്‍, രഞ്ജിത്ത് നാറാത്ത്, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിജു ഉമ്മര്‍, സിദ്ദിഖ് പുന്നക്കല്‍, എന്‍എ. ഗഫൂര്‍ ,റംസീന റൗഫ്, പിപി ഷമീമ, പുഷ്പലത ടീച്ചര്‍, കെ പി വസന്ത പ്രസംഗിച്ചു.












Click it and Unblock the Notifications