നിയമസഭാ തിരഞ്ഞെടുപ്പ്: എൽഡിഎഫിന് ജയിക്കാനായി ബിജെപിയുടെ വോട്ട് ആവശ്യമില്ല: ബിനോയ് വിശ്വം
കണ്ണുർ: തലശേരി മണ്ഡലത്തിൽ ജയിക്കാനായി എൽഡിഎഫിന് വർഗീയ പാർട്ടിയായ ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് പോർമുഖം - 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അല്ലാതെ തന്നെ ഒറ്റയ്ക്ക് അവിടെ മത്സരിച്ച് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്. കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ മുഴുവൻ ഇതു തന്നെയാണ് തങ്ങളുടെ നിലപാടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
തലശേരിയിൽ കോലീബി സഖ്യത്തിൻ്റെ തുടർച്ചയായിട്ടാണ് ബിജെപി സ്ഥാനാർത്ഥികളില്ലാതെ പോയതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. എങ്കിലും എൽ ഡി എഫ് അധികാരത്തിൽ വരുമെന്ന ഉറപ്പുണ്ട്. ബിജെപിയും കോൺഗ്രസും രണ്ടായല്ല ഒന്നായി തന്നെയാണ് ഇവിടെ ഇടതു മുന്നണിയെ നേരിടുന്നത്. വടകരയിലും ബേപ്പൂരിലും കോൺഗ്രസ് പാലം വലിച്ചുവെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് സഹായിച്ച് കൂറ് കാട്ടിയിരുന്നു

ഇത്തവണ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കിറ്റ്സർക്കാർ എന്ന് എൽ.ഡി.എഫിനെ പരിഹസിച്ചവർ പ്രകടനപത്രികയിൽ കിറ്റ് വാഗ്ദ്ധാനം ചെയ്യുന്നു. ആശയപരമായും നയപരമായും പരാജയപ്പെട്ട കോൺഗ്രസിന് നിൽക്കകള്ളിയില്ലാതായിരിക്കുകയാണ്. കോൺഗ്രസ് ഇനി രക്ഷപ്പെടാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി പിച്ചും പേയും പറയുകയാണ്.
മുതിർന്ന നേതാവായ എ.കെ ആൻ്റണി ഇപ്പോൾ കമ്യുണിസ്റ്റുകാർ കോൺഗ്രസിലേക്ക് വരണമെന്നാണ് പറയുന്നത്. ആൻ്റണിയോട് സകല ആദരവും പുലർത്തി കൊണ്ട് ഹാ കഷ്ടമെന്നേ ഈക്കാര്യത്തിൽ പറയാൻ കഴിയുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.കോൺഗ്രസ് നേതാക്കളായ പി.സി ചാക്കോയെയും അഡ്വ.സുരേഷ് ബാബുവിനെയും സംരക്ഷിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നിട്ടാണ് അവർ കമ്യുണിസ്റ്റുകാർ തങ്ങളുടെ കൂടെ വരുമെന്ന് പറയുന്നത്. ഇതേ ആൻ്റണി തന്നെ കന്യാസ്ത്രീകൾക്കു നേരെ നടക്കുന്ന അക്രമത്തിൽ ഒരക്ഷരം മിണ്ടാൻ ഇതുവരെ തയ്യാറായിട്ടില്ല.ആർ.എസ്.എസിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ് ന്യുനപക്ഷങ്ങളെ അക്രമിക്കുകയെന്നത്. ലക്ഷദ്വീപിൽ ബീഫ് നിരോധിച്ചതും ഇതിൻ്റെ ഭാഗമാണ്.
ഈ വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് യാ'തൊരു ആശങ്കയുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോ ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തുവരികയാണ്. തുറമുഖ കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയല്ല. സർക്കാർ ഉദ്യോഗസ്ഥൻ എൽ.ഡി.എഫ് പോളിസി മനസിലാക്കാതെ ചെയ്ത താണ്. തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവുന്ന സർക്കാരാണ് ഞങ്ങളുടെത്. അതുകൊണ്ടാണ് അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വകുപ്പിൽ നിന്നും മാറ്റിയത്.ദേശീയ പാർട്ടിയായ ബി.ജെ.പിക്ക് കേരളത്തിലെ മുന്നിടങ്ങളിൽ പത്രിക ശരിയായി കൊടുക്കാൻ കഴിയാത്തത് യാദൃശ്ചികമല്ല. കൃത്യമായ ഡീൽ അവിടെ നടന്നിട്ടുണ്ട്. കോൺഗ്രസിന് വോട്ടു മാറ്റി ചെയ്യുകയാണ് അവരുടെ ലക്ഷ്യം. എന്തു തന്നെ രാഷ്ട്രീയക്കളിയുണ്ടായാലും കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications