കണ്ണൂരിലും ഗവർണ്ണർക്ക് തിരിച്ചടി: സെർച്ച് കമ്മിറ്റി രൂപീകരണം പരാജയപ്പെടുത്തി ഇടത് അംഗങ്ങൾ
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗത്തിലെ അജണ്ട ഇടതു അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെ വോട്ടിനിട്ട് തളളി. ഇടതു അനുകൂല സെനറ്റ് അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യയാണ് സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഇതു ബഹളത്തിനിടയാക്കിയപ്പോള്‍ ശബ്ദവോട്ടിങിനായി വിടുകയായിരുന്നു. 48 വോട്ട് ഇടതു അനുകൂലികള്‍ നേടിയപ്പോള്‍ യുഡിഎഫ്, എന്‍ഡിഎ പ്രതിനിധികള്‍ക്ക് 25 വോട്ടുകള്‍ മാത്രമെ ലഭിച്ചുളളൂ. ഒരാള്‍ വോട്ടിങില്‍ നിന്നും വിട്ടു നിന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശപ്രകാരമാണ് വി.സി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുളള അജന്‍ഡ സെനറ്റ് യോഗത്തിലെ അജന്‍ഡയില്‍ ചേര്‍ത്തത്. വിസി ഡോ: സാജു വിളിച്ചുചേര്‍ത്ത സെനറ്റിന്റെ പ്രത്യേക യോഗമാണ് സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധിയെ നല്‍കുന്നതിനായുളള അജണ്ട ഉള്‍ക്കൊളളിച്ചത്.

സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുപ്പ് അജണ്ടയ്‌ക്കെതിരെ പ്രമേയം ഇടതു അംഗങ്ങള്‍ തന്നെ കൊണ്ടുവരികയായിരുന്നു. യു.ഡി.എഫ്., എന്‍.ഡി.എ അംഗങ്ങള്‍ ആക്റ്റും സ്റ്റാറ്റിയൂട്ടും ചൂണ്ടിക്കാട്ടി നിയമപ്രശ്‌നം ഉന്നയിച്ചെങ്കിലും പ്രമേയം അവതരിപ്പിക്കുകയായിരുന്നു. വിസി തന്നെ നിശ്ചയിച്ച അജണ്ട പിന്‍വലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നും യു.ഡി.എഫ്, എന്‍.ഡി.എ അംഗങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ വിഷയം വോട്ടിനിടുകയായിരുന്നു.
സ്റ്റാറ്റിയൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ എന്‍.ഡി.എ, യു.ഡി.എഫ് അംഗങ്ങള്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചുവെങ്കിലും അക്കാര്യം പരിഗണിച്ചില്ല. കേരള സര്‍വ്വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം മന്ത്രി ഡോ. ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയിലെ സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ട ഒഴിവാക്കണമെന്ന പ്രമേയം പരിഗണിക്കാതിരിക്കുകയും അതേസമയം, അജണ്ടയിലെ നടപടികള്‍ ഒഴിവാക്കണോയെന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടത്തുകയുമായിരുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിനിധികള്‍ പറയുന്നത്.
സെര്‍ച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വിസി കടന്ന ഉടന്‍ തന്നെ എന്‍.ഡി.എ അംഗവും യു.ഡി.എഫ് അംഗവും തങ്ങളുടെ നാമനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് നടപടി 'ഒഴിവാക്കിയത് പുതിയ കണ്ണൂര്‍ വി.സി. നിയമനം വീണ്ടും അനിശ്ചിതമായി നീളാന്‍ ഇടയാക്കുമെന്നാണ് സൂചന. സിണ്ടിക്കേറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനേയും ഫിനാന്‍സ് കമ്മിറ്റി പ്രതിനിധിയായി പി.ജെ. സാജുവിനെയും തെരഞ്ഞെടുത്തു.
ഗവര്‍ണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരിസരത്തും യോഗസ്ഥലത്തും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.












Click it and Unblock the Notifications