വാദ്യകൂലി വെട്ടിച്ചുരുക്കിയതില്‍ നിയമനടപടിയെന്ന് മലയന്‍ സമുദായോദ്ധാരണ സംഘം ഭാരവാഹികള്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് തീയ്യക്ഷേമ സഭയും മലയന്‍ സമുദായവും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാവുന്നു. തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമ്മിറ്റി മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ വാദ്യങ്ങളൊരുക്കുന്ന മലയ സമുദായക്കാരായ കലാകാരന്‍മാരുടെ വാദ്യക്കൂലി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2000 രൂപ വീടുകളില്‍ വാങ്ങുന്ന കോള് (കൂലി) 1200 രൂപയായാണ് നിജപ്പെടുത്തിയിക്കുന്നത്.
തീയ്യ ക്ഷേമ സഭ നിശ്ചയിക്കുന്ന കോളിന് വിധേയരായി പ്രവൃത്തിക്കണമെന്ന് മലയന്‍ സമുദായത്തിന് തിട്ടൂരം നല്‍കാന്‍ ആരാണ് തീയ്യ ക്ഷേമ സഭയെ അധികാരപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധരണ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വീടുകളില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് മലയന്‍ സമുദായം വാങ്ങിച്ചു കൊണ്ടിരിക്കുന്ന കോള് എകീകരിച്ച് 1200 രൂപയാക്കിയ തീയ്യ ക്ഷേമ സഭ മഠപ്പുരകളില്‍ കെട്ടിയാടുത്ത മുത്തപ്പന്‍ വെള്ളാട്ടത്തിന് വാദ്യക്കാര്‍ക്ക് നല്‍കുന്ന 500 രൂപ ഏകീകരിച്ച് 1200 രൂപ നല്‍കാന്‍ തയ്യാറാകണം.
തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമ്മിറ്റി ഇവരുടെ പരിധികളിലെ ക്ഷേത്രങ്ങളില്‍ സന്ധ്യാ വേലയ്ക്ക് ഇന്ന് വാങ്ങിക്കുന്ന 200 രൂപ ഏകീകരിച്ച് 1200 രൂപ നല്‍കാന്‍ തയ്യാറാകുമോയെന്ന് ഭാരവാഹികള്‍ ചോദിച്ചു. മലയന്‍ സമുദായത്തിന്റെ കോള് നിശ്ചയിച്ച് തിട്ടൂരം നല്‍കിയ തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമ്മിറ്റി അംഗങ്ങള്‍ അവര്‍ ഇന്നു വാങ്ങിക്കുന്ന ദിവസക്കൂലി 1000 രൂപ കൂടുതലാണെന്നും 500 രൂപാ മാത്രമെ കൊടുക്കാവു വെന്ന് മലയന്‍ സമുദായ സംഘടന കൂലി നിശ്ചയിച്ചു കത്തു നല്‍കിയാല്‍ അംഗീകരിക്കുമോയെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഗുരുവിന്റെ അനുയായികള്‍ ഇന്ന് ജാതിയുടെ പേരില്‍ സംഘടിച്ച് പഴയ കാല മേല്‍ക്കോയ്മ പുനര്‍ സൃഷ്ടിക്കാന്‍ പട്ടികജാതിയില്‍പ്പെട്ട മലയ സമുദായത്തിന്റെ കുലത്തൊഴില്‍ നിഷേധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്. ഇതിനെ നിയമപരമായി സംഘടന നേരിടുമെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അനിഷ് പണിക്കര്‍ ഭാരവാഹികളായ സി.പി പ്രകാശന്‍,പവിത്രന്‍ പള്ളിക്കുന്നോന്‍, ഉത്തമന്‍ ആലക്കാട്, പി.കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications