അക്ഷരവിപ്ളവത്തിന് തുടക്കം കുറിച്ച് ഓരോ വാർഡിലും ലൈബ്രറിയും വിവര സാങ്കേതിക കേന്ദ്രങ്ങളും വരുന്നു
കണ്ണൂർ: സംസ്ഥാനത്ത് തന്നെ മാതൃകയായി പിന്നോക്ക ദളിത് മേഖലയിൽ കൂടുതൽ ലൈബ്രറി - സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കണ്ണുരിൽ ഒരുക്കങ്ങൾ തുടങ്ങി. ഡോ. വി ശിവദാസൻ എംപിയുടെ നെറ്റ് വർക്ക് പദ്ധതി പ്രകാരമാണ് അക്ഷരവെളിച്ചമെത്താത്ത മലയോരത്തെ ആദിവാസി മേഖലകളിൽ കുടുതൽ ലൈബ്രറികളും സാംസ്കാരിക വിനിമയ കേന്ദ്രങ്ങളും സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
വായനാ വിപ്ളവത്തിലേക്ക് ജനങ്ങളെ നയിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കണ്ണൂർ ജില്ലയിലെ ഒരു വാർഡിൽ ഒരു ലൈബ്രറിയെന്ന രൂപത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. തദ്ദേശവാർഡുകളിൽ മുഴുവൻ ഒരു വായനശാല എന്ന ലക്ഷ്യമിട്ട് എംപി, ജില്ല പഞ്ചായത്ത്, ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബൃഹദ് പദ്ധതി തയ്യാറായി വരുന്നത്. വിനോദ - വിജ്ഞാന കേന്ദ്രങ്ങളായി ഇവയെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ.വി ശിവദാസൻ എംപി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറികളില്ലാത്ത ആദിവാസി - മലയോര - തീരദേശ മേഖലകൾക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ 6000 ലൈബ്രറികൾ ഉള്ളതിൽ 1000 ത്തോളം എണ്ണം കണ്ണൂരിലാണ് ഉള്ളത്. എന്നാൽ ഇതേ ജില്ലയിൽ മലയോര - തീരദേശ - ആദിവാസി മേഖലകളിൽ ഇവയുടെ എണ്ണം തുലോം കുറവാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡിലും ഒരു ലൈബ്രറി എന്ന ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഒരു ലൈബ്രറി കെട്ടിടം എന്നതിലുപരി, ആ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ആശ്രയിക്കാവുന്ന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വ്യായാമ കേന്ദ്രം, തൊഴിൽ അപേക്ഷക കേന്ദ്രം തുടങ്ങി ബഹുമുഖ സൗകര്യങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയ്യാറാവുന്ന വരിൽ നിന്ന് ഭൂമി സ്വീകരിച്ചാവും വികസന പദ്ധതികൾ നടപ്പാക്കുക. സംസ്ഥാന സർക്കാർ വകുപ്പുകൾ, എംപി, എംഎൽഎ പ്രാദേശിക വികസന ഫണ്ടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ഫണ്ടുകൾ, ലൈബ്രറി കൗൺസിൽ, ധനകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്പോൺസർമാർ എന്നിവയിലൂടെയാണ് ധനസമാഹരണം നടത്തുക. മിഷൻ രീതിയിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ കേന്ദ്രമായി ജില്ലമിഷനും, തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ പ്രാദേശിക മിഷനും, മറ്റു ഉപസമിതികളും രൂപീകരിക്കും.
ഇതിൽ എം.പി ചെയർമാനായി ജില്ലാതല സമിതി രൂപീകരണം പൂർത്തിയായി. എം.എൽ എ മാർ ചെയർമാന്മാരായി മണ്ഡലം തല സമിതികളും, പഞ്ചായത്ത് പ്രസിഡണ്ടുമാർ ചെയർമന്മാരായി പഞ്ചായത്ത് തല സമിതികളും രൂപീകരിക്കും. അഞ്ചു വർഷം കൊണ്ട് പൂർത്തിയാകുന്ന വിധത്തിലാണ് വിവിധ ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും മിഷൻ ചെയർമാൻ ഡോ.വി.ശിവദാസൻ പറഞ്ഞു.
സാംസ്കാരിക കേന്ദ്രമെന്നതിലുപരി ഇത്തരം ലൈബ്രറികളെ വിവര സാങ്കേതിക വിനിമയ കേന്ദ്രങ്ങളാക്കാനാണ് ഉദ്യേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി കംപ്യൂട്ടർ ഇൻ്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും ഓരോ ലൈബ്രറിയുടെ ഭാഗമായും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാർക്ക്, വ്യായാമവിനോദവിശ്രമകേന്ദ്രങ്ങൾ എന്നിവ ഒരുക്കുമെന്നും ഇതിനായി സ്ഥലം സംഭാവനയായി നൽകുന്ന സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കുമെന്നും ശിവദാസൻ എം.പി അറിയിച്ചു.വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാന്മാരായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, കോ ഓർഡിനേറ്റർ ടി കെ ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications