ലൈബ്രറി കോൺഗ്രസിന് കൊടിയിറങ്ങി : സെമിനാറുകളിൽ പങ്കെടുത്തത് മുവായിരത്തിലേറെ ഗ്രന്ഥശാലാ പ്രവർത്തകർ
കണ്ണൂർ: രാജ്യത്തെ ലൈബ്രറി പ്രസ്ഥാനത്തിന് , വിശേഷിച്ച് കേരളത്തിലെ പൊതു ഗ്രന്ഥാലയങ്ങൾക്ക് പുതിയ ഉണർവും ദിശാബോധവുമേകി മൂന്നു ദിവസമായി കണ്ണൂരിൽ നടന്ന പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് ഉജ്വല സമാപനം. ആധുനികയുഗത്തിലെ സാമൂഹ്യ വെല്ലുവിളികളെ സധൈര്യം നേരിട്ട് സർവ തല സ്പർശിയായ പുരോഗതിയിലേക്ക് ജനങ്ങളെ നയിക്കാൻ ഗ്രന്ഥാലയങ്ങളെ എങ്ങനെ പ്രാപ്തരാക്കാമെന്ന ശാസ്ത്രീയ അന്വേഷണമാണ് കോൺഗ്രസിൽ നടന്നത്.

ഗ്രന്ഥശാലാ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളും ഗവേഷകരും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരുമുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂവായിരത്തി അഞ്ഞൂറിൽപരം പ്രതിനിധികളും വിവിധ സെഷനുകളിലായി നടന്ന അർഥവത്തായ ചർച്ചകളും സംവാദങ്ങളും ഈ ഉദ്യമത്തെ ഐതിഹാസിക വിജയമാക്കി.
കലക്ടറേറ്റ് മൈതാനിയിൽ സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കോൺഗ്രസ് അക്കാദമിക് ചെയർമാൻകൂടിയായ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഫ് രവീന്ദ്രൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.
ചൊവ്വാഴ്ച നാല് വിഷയങ്ങളെ അധികരിച്ചായിരുന്നു അക്കാദമിക് സെഷനുകൾ. ചെറുശേരി ഓഡിറ്റോറിയത്തിൽ സംസ്കാരം, സാഹിത്യം, ലൈബ്രറികൾ എന്ന വിഷയത്തിൽ നടന്ന സെഷനിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ എന്നിവർ ചർച്ച നയിച്ചു. ലൈബ്രറികളുടെ അനുഭവം പങ്കിടൽ സെഷനിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ആധ്യക്ഷ്യം വഹിച്ചു.
സമൂഹനിർമാണം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനവും സെഷനിൽ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉമാ മഹാദേവൻ അധ്യക്ഷയായി. ഡോ. തോമസ് ഐസക് , ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ എന്നിവർ ചർച്ച നയിച്ചു.
ഭാവി ലൈബ്രറികളും സാമൂഹിക വികസനത്തിനായുള്ള ജനകീയ യജ്ഞവും സെഷനിൽ ഡോ. സജി ഗോപി നാഥ് അധ്യക്ഷനായി. പ്രൊഫ. ദേവിക മഡല്ലി, ഡോ.പി പി പ്രകാശൻ എന്നിവർ ചർച്ച നയിച്ചു.
കഥാകൃത്ത് ടി പത്മനാഭനുമായുള്ള മുഖാമുഖമായിരുന്നു സമാപന ദിവസത്തെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നാരായണൻ കാവുമ്പായി മോഡറേറ്ററായി. ഡോ. വി ശിവദാസൻ സംസാരിച്ചു












Click it and Unblock the Notifications