ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: ലോക്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കലക്ടര്‍ അരുണ്‍ കെ. വിജയന്‍ അറിയിച്ചു. 27ന് പുലര്‍ച്ചെ ആറുവരെയാണ് 144- പ്രഖ്യാപിച്ചത്. വീടുകള്‍ കയറിയുളള മുന്നണികളുടെ നിശബ്ദപ്രചരണത്തിന് നിരോധനാജ്ഞ ബാധകമല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയെ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ പോളിങ് ബുത്തുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ സ്ഥലങ്ങളിലും വെബ് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്‌നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക.
കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സംസ്ഥാന പൊലിസിനെ കൂടാതെ കേന്ദ്രസേനയെ ബാരിക്കോഡ് ഉയര്‍ത്തി നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ പ്രശ്നബാധിത സ്ഥലങ്ങളില്‍ ക്യാംപ് ചെയ്യുന്ന സി.ആര്‍.പി.എഫ് യൂനിറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റൂറല്‍ എസ്പി ഹേമലതയും അറിയിച്ചു.












Click it and Unblock the Notifications