മാഹിയില്‍ ഇക്കുറി തിരഞ്ഞെടുപ്പ് പുതുമകളോടെ; ആദ്യഘട്ട പോളിങ് നിയന്ത്രിക്കാന്‍ വനിതാ ജീവനക്കാര്‍ മാത്രം
തലശേരി: മാഹിപാലം പോലെയാണ് മാഹിക്കാരുടെ ജീവിതവും. ഒരുതല കേരളത്തിലും മറ്റേതല പുതുച്ചേരിയിലുമാണ് കിടക്കുന്നത്. അതുകൊണ്ടു തന്നെ പാലം ചരക്കുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുങ്ങാന്‍ തുടങ്ങിയിട്ടും ആരാണ് നന്നാക്കേണ്ടതെന്ന തീരുമാനവും നീണ്ടു പോവുകയാണ്. ദേശീയപാതാ അതോറിറ്റി താല്‍ക്കാലികമായി പാലം ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയൊരു പാലമെന്നത് മാഹിക്കാരുടെ ആവശ്യങ്ങളിലൊന്നാണ്.
എന്നാല്‍ ഈയൊരാവശ്യം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. ഇക്കുറി ഒട്ടേറെ പുതുമകളോടെയാണ് മാഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏറ്റവും ആദ്യം നടക്കുന്ന പന്ത്രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ് മാഹി. ലക്ഷദ്വീപ് പോലെ മാഹിയിലും ആദ്യഘട്ടത്തില്‍ തന്നെയാണ് ഏപ്രില്‍ 19-ന് പോളിങ് നടക്കുന്നത്.

എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളാരെന്ന് മാഹിയിലെ മിക്ക വോട്ടര്‍മാര്‍ക്കുമറിയില്ല. പുതുച്ചേരിയില്‍ നിന്നും ഒറ്റദിനമെത്തി മൂലക്കടവില്‍ നിന്നും മാഹിവരെ രാവിലെ മുതല്‍ വൈകിട്ടുവരെ ഓട്ടപ്രദിക്ഷണം നടത്തി കൈവീശി പോവുകയാണ് ഇവര്‍ ചെയ്യുന്നത്. വാഹനങ്ങളില്‍ വല്ലപ്പോഴും നടക്കുന്ന പ്രചരണത്തില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ് മാഹിക്കാര്‍ സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയുന്നത്.
ജാഥകളോ, റോഡുഷോകളോ ഫ്ളക്സുകളോയൊന്നും ഇവിടെയില്ല. പാര്‍ട്ടി യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ അടങ്ങിയ ലഘുലേഖകള്‍ക്കും വിലക്കുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി പ്രചരണം നടത്തിയാലും പിടിവീഴും. പൊതുയോഗങ്ങളില്‍ ചായ കൊടുക്കുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിക്കുന്നുണ്ട്. മാഹിക്ക് തൊട്ടടുത്തുളള വടകരയിലും കോഴിക്കോടും കണ്ണൂരും മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണെങ്കിലും പുതുച്ചേരിയില്‍ ഇരുപാര്‍ട്ടികളും ബിജെപിയെ എതിര്‍ക്കാന്‍ ഭായി-ഭായിയാണ്.
ഡിഎംകെ നയിക്കുന്ന ഇന്ത്യാ മുന്നണിയാണ് പുതുച്ചേരിയില്‍ എന്‍ഡിഎയെ നേരിടുന്നത്. പുതുച്ചേരി മുന്‍മുഖ്യമന്ത്രി വൈദ്യലിംഗമാണ് സ്ഥാനാര്‍ത്ഥി. ബിജെപിക്കായി എ. നമശിവായവും പോരിനിറങ്ങുന്നു. എഐഡിഎംകെയുടെത് ഉള്‍പ്പെടെ 20 സ്ഥാനാര്‍ത്ഥികള്‍ മാഹിയിലുണ്ട്. പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ മാഹിയില്‍ സിപിഎം പിന്തുണ യുനൈറ്റഡ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി കെ പ്രഭുദേവനാണ്.
കണ്ണൂരും വടകരയും തങ്ങളുടെ കോണ്‍ഗ്രസ് സഖ്യത്തെ ബിജെപി ആയുധമാക്കുമോയെന്ന ഭയത്താലാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ മത്സരിക്കുന്ന പ്രഭുദേവനെ പാര്‍ട്ടി പിന്തുണയ്ക്കുന്നത്. മാഹിയില്‍ പോളിങ് ദിനത്തില്‍ 31,038 വോട്ടര്‍മാരാണ് ബൂത്തിലെത്തേണ്ടത്. 31 ബൂത്തുകളുളള ഇവിടെ മുഴുവന്‍ ബൂത്തുകളിലെയും പോളിങ് നിയന്ത്രിക്കുന്നത് വനിതകളാണ്. ബൂത്ത് ഏജന്റുമാരില്‍ ഭൂരിഭാഗവും വനിതാകളാണെന്ന പ്രത്യേകതയും ഇക്കുറി മാഹിക്കുണ്ട്.
വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണ്. 16,653 പേര്‍ സ്ത്രീകളും 14,357-പേര്‍ പുരുഷന്‍മാരുമാണ് ഇവിടെയുളളത്. സിപിഎം തലശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലുളള പ്രദേശമാണ് മാഹി. പളളൂരിലും മാഹിയിലുമാണ് രണ്ടു ലോക്കല്‍ കമ്മിറ്റികള്‍. ഇവരാണ് ഇക്കുറി സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രഭുദേവനുവേണ്ടി പരസ്യപ്രചരണത്തിന് ഇറങ്ങാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.












Click it and Unblock the Notifications