രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ എതിര്‍ക്കുകയും കേരളത്തില്‍ വന്ന് പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പും കപട രാഷട്രീയത്തിന്റെ ഭാഗവുമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദവും അഴിമതിയും തുടച്ചു നീക്കാന്‍ സാക്ഷാല്‍ ദൈവം അയച്ചു തന്ന വ്യക്തിയാണ് മോദി. അഴിമതിയുടെ കാര്യത്തില്‍ ഉപ്പ് തിന്നവരെല്ലാം വെളളം കുടിക്കും. മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകളേയും ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎക്ക് അനുകൂല രാഷട്രീയ സാഹചര്യമാണുളളത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞകാലങ്ങളിലില്ലാത്ത തരത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ തന്നെ മത്സരചിത്രം മാറുകയും എല്‍ഡിഎഫും യുഡിഎഫും ആശങ്കയിലാവുകയും ചെയ്തിരുന്നു.
എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും അക്കൗണ്ട് തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം അഴിമതിയുടേതായിരുന്നുവെങ്കില്‍ മോദിയുടെ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ അമൃതകാലമായിരുന്നു. ഭരണഘടനയുടെ ശത്രുക്കളാണ് ബിജെപി എന്ന പ്രചാരണത്തിന് യാതൊരു യുക്തിയുമില്ലാത്തതാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ രാജ്യത്തെ ഭരണഘടന ഇല്ലാതാക്കാന്‍ അംബേദ്ക്കര്‍ വിചാരിച്ചാലും സാധിക്കില്ലെന്ന് മോദി തന്നെ അസന്നിഗ്ദമായി പ്രഖ്യാപിച്ചതാണ്.
സിഎഎയുടെ കാര്യത്തില്‍ പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 5550 പേര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കി. ഇതില്‍ നിരവധി മുസ്ലീം സമുദായത്തിലുള്ളവരുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് തലശ്ശേരിയിലേക്ക് വിവാഹം ചെയ്ത കൊണ്ടുവന്ന ഒരു പെണ്‍കുട്ടിക്ക് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നര വര്‍ഷം മുമ്പ് പൗരത്വം ലഭിച്ചു. രാജ്യത്തിനെതിരെ രാഹുലും പിണറായിയും അപവാദ പ്രചരണം നടത്തുകയാണ്.
ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് വളരെ കൃത്യമായ കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐശ്വര്യമായി നരേന്ദ്ര മോദി മാറി. ഭാരതീയനെന്നാല്‍ ലോകത്ത് വലിയ മതിപ്പ് കിട്ടുന്ന സാഹചര്യമാണ്. ഇലക്ട്രല്‍ ബോണ്ടിന്റെ കാര്യത്തില്‍ ബിജെപിക്കെതിരെ കളളപ്രചാരണം നടക്കുകയാണ്. ബോണ്ടു വഴി 67 ശതമാനം സംഭാവനയും ലഭിച്ചത് പ്രതിപക്ഷ കക്ഷികള്‍ക്കാണ്.
ബിജെപിക്ക് 6000 കോടി രൂപമാത്രമാണ് ലഭിച്ചത്. 10000 കോടി പ്രതിപക്ഷത്തിനാണ് ലഭിച്ചത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭവാനകള്‍ സുതാര്യമാക്കാനുദ്ദേശിച്ച് നടപ്പാക്കിയ ഇലക്ട്രല്‍ ബോണ്ടിന്റെ കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വികസന-ക്ഷേമ രംഗത്ത് വലിയ മാറ്റമാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലം രാജ്യത്തുണ്ടായത്. കെ. സുധാകരന്‍ പാര്‍ലിമെന്ററി രംഗത്ത് പരാജയപ്പെട്ട നേതാവാണ്.
വികസന വിരുദ്ധതയാണ് കൈമുതല്‍. കണ്ണൂരില്‍ പ്രായം ചെന്നവരുടെ വീട്ടില്‍ ചെന്ന് വോട്ട് ചെയ്യുന്ന സംവിധാനം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും അബദുള്ളക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രത പാലിക്കണമെന്നും തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും അബ്ദുള്ള കുട്ടി ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഗണേഷ് മോഹന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications