അവര്‍ സ്വന്തം നേതാക്കളെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്തട്ടെ; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി യെച്ചൂരി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാതെ തന്നെയാണ് വിമര്‍ശിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അവര്‍ അവരുടെ നേതാക്കളെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തട്ടെയെന്നാണ് ഈ വിഷയത്തില്‍ സീതാറാം യെച്ചൂരി കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ പ്രതികരിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും ഇലക്ഷന്‍ കമ്മീഷനെയും എല്ലാം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെങ്കില്‍ മറ്റൊരു ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം.

മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ എല്ലാ മതേതരത്വ ശക്തികളും ഒരുമിച്ചു നില്‍ക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി വട്ടപ്പൂജ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളപ്പണം, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതിന് പിന്നില്‍ പല പ്രലോഭനങ്ങളുണ്ട്. ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നാണോ സിപിഎം ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി നേതൃത്വം നല്‍കണമെന്ന് യെച്ചൂരി പറഞ്ഞു..
മമതാ ബാനര്‍ജിയെ പോലെയുളളവര്‍ ഉള്‍ക്കൊളളുന്ന കേന്ദ്രമന്ത്രിസഭയെ സിപിഎം പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് മമത ഈ നിലപാടിനൊപ്പം അല്ല ഉള്ളതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പാറക്കണ്ടിയിലുളള സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആക്ടിങ് ജില്ലാ സെക്രട്ടറി ടിവി രാജേഷും പങ്കെടുത്തു.












Click it and Unblock the Notifications