പൗരത്വ ഭേദഗതി നിയമം: കണ്ണൂരില്‍ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. 'പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍' എന്ന സന്ദേശമുയര്‍ത്തി നടത്തിയ റാലിയിലേക്ക് ഗ്രാമ- നഗര വ്യത്യസമില്ലാതെ ജനം ഒഴുകിയെത്തി.
എഴുത്തുകാര്‍, പ്രഭാഷകര്‍, കലാകാരന്മാര്‍, സാമൂഹ്യ- സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, ബഹുജന സംഘടനകള്‍, ജനകീയ കൂട്ടായ്മകള്‍, സമസ്ത കേരള ജം ഉയ്യത്തുല്‍ ഉലമ (ഇ കെ), സമസ്ത കേരള ജം ഉയ്യത്തുല്‍ ഉലമ (എ പി ), നദ്വത്തുല്‍ മുജാഹിദ്ദീന്‍, എംഇഎസ്, ന്യൂനപക്ഷ സാംസ്‌കാരിക സമിതി, അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി, ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ തുടങ്ങി സമസ്ത മേഖലകളിലുള്ളവരും പങ്കാളികളായി.

വേദിയിലേക്കെത്തുമ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമായിരുന്നു റാലിയില്‍. ലക്ഷംപേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും കണക്കുകൂട്ടിയതിലുപരിയായി ആളുകള്‍ പങ്കെടുത്തു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ ഭാഗമാകാന്‍ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സമ്പന്നരെ അതിസമ്പന്നരാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം ദരിദ്രമായി മാറിയത്. സുപ്രീംകോടതിയുടെ മുന്‍പില്‍ ഇലക്ടറല്‍ ബോണ്ടിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതിന്റെ ഭാഗമായാണ് ഇതിനെതിരെ ഒരു ഇടപെടല്‍ വന്നത്. ഇടപെടല്‍ വന്ന ശേഷവും വിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള വലിയ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. വിവരം പുറത്തുവന്നാല്‍ വലിയ പ്രത്യാഘാതം നേരിടുമെന്ന് കേന്ദ്രത്തിനറിയാമായിരുന്നു.
ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ശ്രദ്ധതിരിച്ച് ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ നിലയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത്. ഒരു മുഖ്യമന്ത്രി ഇപ്പോള്‍ തടങ്കലില്‍ കഴിയുകയാണ്. തങ്ങള്‍ എന്തും ചെയ്യും എന്ന നിലപാടാണ് ഇവിടെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നാം ഗൗരവമായി കാണേണ്ട ഇന്ത്യന്‍ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, പ്രൊഫ. എന്‍ അലി അക്ബര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഒ പി അഷ്‌റഫ്, സി പി സലിം, ഷംസുദ്ദീന്‍ പാറക്കടവ്, പട്ടുവം കെ പി അബൂബക്കര്‍ മുസ്ല്യാര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, എല്‍ഡിഎഫ് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥികളായ കെകെ ശൈലജ, എം വി ജയരാജന്‍, എംവി ബാലകൃഷ്ണന്‍ (കാസര്‍കോട്), സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ വി ശിവദാസന്‍ എംപി സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications