മാഹിയില്‍ ഇന്ത്യാമുന്നണിയെ കൈവിട്ടു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കായി കളത്തിലിറങ്ങി സിപിഎം, വിവാദം
തലശേരി: ഇന്ത്യാമുന്നണിയെ കൈവിട്ടു മാഹിയില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വിവാദമാകുന്നു. മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി പാര്‍ലിമെന്റ് മണ്ഡലത്തിലേക്ക് ഏപ്രില്‍ 19 ന് നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥിക്കാണ് മാഹിയിലെ സിപിഎം പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി കെ പ്രഭുദേവന് വേണ്ടിയാണ് മാഹിയിലെ രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് സിലിന്‍ണ്ടറാണ് പ്രഭുദേവന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. പ്രഭുദേവന്റെ വിജയത്തിനായി മാഹിയിലെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് സിപിഎം ഘടകങ്ങള്‍ മാഹിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കായി രംഗത്തിറങ്ങിയത്. കണ്ണൂരിനും വടകരയ്ക്കുമിടെയിലുളള പ്രദേശമായ മാഹിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കായി വിയര്‍പ്പൊഴുക്കുമ്പോള്‍ മാഹിക്കര വിട്ടാല്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി തന്നെയാണ് ഇന്ത്യാമുന്നണിയുടെ ഭാഗമായി സിപിഎം പ്രവര്‍ത്തിക്കുന്നത്.
പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും സിറ്റിംഗ് എംപിയുമായ കോണ്‍ഗ്രസ് നേതാവ് വി. വൈദ്യലിംഗത്തെയാണ് ബി.ജെ.പിയുടെ ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്/ഡി.എം.കെ/മുസ്ലിം ലീഗ്/സിപിഐ വിടുതലൈ കക്ഷി സംഖ്യമായ ഇന്ത്യാ മുന്നണിക്കായി മത്സരിപ്പിക്കുന്നത്. ഈ നിലപാടിനൊപ്പം നില്‍ക്കേണ്ട സിപിഎം. അയല്‍ മണ്ഡലങ്ങളായ വടകരയിലും കണ്ണൂരിലും യഥാക്രമം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലിനെയും കെ. സുധാകരനെയും തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ്.
വി. വൈത്തിലിംഗത്തിന് വേണ്ടി മയ്യഴിയില്‍ സിപിഎം രംഗത്തിറങ്ങിയാല്‍, മയ്യഴിക്ക് ഇരു വശങ്ങളിലുമുള്ള കേരളത്തില്‍ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാലാണ് സിപിഎം നിലപാട് മാറ്റിയത്. സിപിഎമ്മിന്റെ തലശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മയ്യഴിയിലും പള്ളൂരിലും രണ്ട് ലോക്കല്‍ കമ്മിറ്റികളുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരി സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയെങ്കിലും, കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായിരുന്നു മാഹിയില്‍ സിപിഎം പിന്തുണ നല്‍കിയത്. ഇത്തവണ വളരെയേറ പുതുമകളോടെയാണ് മാഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുപ്പതിലേറെ ബൂത്തുകളില്‍ വനിതാജീവനക്കാരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. ഇതുകൂടാതെ പ്രചരണങ്ങള്‍ക്കും കടുത്തവിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications