മാഹി പുഴയില്‍ കാണാതായ പതിമൂന്ന് വയസുകാരി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
തലശേരി: മാഹി പുഴയില്‍ ചാടിയ പതിമൂന്ന് വയസുകാരിയുടെ മൃതദേഹം മാഹിപുഴയോരത്തെ മുകുന്ദന്‍ പാര്‍ക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മാതാവ് ഫോണ്‍ വാങ്ങി വെച്ചതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്.
കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകള്‍ പവിത്ര(13) യുടെ മൃതദേഹമാണ് പെരിങ്ങാടി മുകുന്ദന്‍ പാര്‍ക്കിന് തൊട്ടടുത്ത ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കണ്ടെത്തിയത്.

പുഴയില്‍ ചാടിയതായി നാട്ടുകാര്‍ സംശയിച്ചതിനെ തുടര്‍ന്ന് മാഹിപ്പുഴയില്‍ മാഹി, തലശ്ശേരി, പാനൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ നടത്തിയ തിരച്ചില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെ വെളിച്ചക്കുറവിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചു വരാത്തതിനാല്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ പറമ്പില്‍ കുട്ടിയുടെ ചെരിപ്പും ചെളിയില്‍ പുഴയിലേക്ക് ഇറങ്ങിയതിന്റെ കാല്‍പാടുകളും കണ്ടെത്തിയെന്ന നാട്ടുകാരുടെ മൊഴിയില്‍ പെണ്‍കുട്ടി പുഴയിലിറങ്ങിയതായി സംശയിക്കുകയായിരുന്നു. കുട്ടി പുഴയില്‍ ചാടുന്നതോ പുഴയിലേക്ക് പോകുന്നതായോ ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് ന്യൂമാഹി പൊലീസിനെയും മാഹി, തലശ്ശേരി, പാനൂര്‍ ഫയര്‍ ഫോഴ്‌സ് യൂനിറ്റുകളെയും വിവരമറിയിച്ചു.
കൂലിവേല ചെയ്യുന്ന പാണ്ഡ്യന്റെ കുടുംബം 10 വര്‍ഷത്തിലേറെയായി ന്യൂമാഹി ഈച്ചിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ന്യൂമാഹി എം.എം ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പവിത്ര. ശരവണന്‍, കോകില എന്നിവര്‍ സഹോദരങ്ങളാണ്. തലശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ വാസന്ത് കേച്ചാങ്കണ്ടി, അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.വി. ദിനേശന്‍ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.












Click it and Unblock the Notifications