ഒഴിഞ്ഞ അരിക്കലവുമായി കണ്ണൂര്‍ സപ്ലൈ ഓഫീസിലേക്ക് മഹിളാകോണ്‍ഗ്രസ് പട്ടിണിജാഥ
കണ്ണൂര്‍: വിലക്കയറ്റത്തില്‍ വെന്തരിയുന്ന അടുക്കളയുടെ പ്രതീകമായ കാലി അരിക്കലവുമായി മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് ഓഫീസിലക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. കണ്ണൂര്‍ ഡി.സി.സി ഓഫീസിനു മുന്‍പില്‍ നിന്നാണ് കലക്ടറേറ്റിന് മുന്‍പിലെ സപ്‌ളൈ ഓഫീസിലേക്ക് നൂറിലേറെ പേരാണ് തലയില്‍ കലവുമേന്തിയുളള പട്ടിണിജാഥയില്‍ അണിനിരന്നത്. കലക്‌ടേറേറ്റിന്റെ ഒന്നാം കവാടത്തില്‍ ജാഥ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മാവേലി സങ്കല്പത്തെ തന്നെ അപമാനിക്കുന്ന തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനം മാവേലി സ്റ്റോറെന്ന പേരില്‍ തുടരുന്നത് അവസാനിപ്പിക്കാനുള്ള മര്യാദ സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കാണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ മിതമായ വിലയ്ക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തിരുന്ന സ്ഥാപനത്തെയാണ് ഇടതു സര്‍ക്കാര്‍ വിപരീത സ്ഥിതിയിലേക്ക് മാറ്റിയിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സപ്ലൈകോ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനെതുടര്‍ന്ന് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമൊക്കെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. അരി അടക്കമുള്ള സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട് എത്രയോ മാസങ്ങളായി. ഉള്ള സാധനങ്ങള്‍ക്കാകട്ടെ പൊതുവിപണിയിലും കൂടുതല്‍ വില ഈടാക്കുന്നു.
പൊതുവിപണിയെക്കാളും കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്തിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഒന്നും ഇപ്പോള്‍ കിട്ടാനില്ല. വിവിധയിനം അരിയും പയര്‍ വര്‍ഗങ്ങളും മുളകും പഞ്ചസാരയും വെളിച്ചെണ്ണയുമൊക്കെ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റാതിരിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ മാവേലി സ്റ്റോറുകളില്‍നിന്നും മറ്റും അപ്രത്യക്ഷമായിരിക്കുകയാണ്. പഞ്ചസാര വിതരണം നിലച്ചിട്ട് മാസങ്ങളായി.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ജനജീവിതം ദുസ്സഹമാകുന്നതിന്റെ നേര്‍ക്കാഴ്ചകളിലൊന്നാണ് സപ്ലൈകോ മാര്‍ക്കറ്റുകളുടെ പരിതാപകരമായ അവസ്ഥയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു .നേതാക്കളായ രജനി രമാനന്ദ്, ഡിസിസി ജനറല്‍ സെക്രട്ടറി രജിത് നാറാത്ത്, കെ പി സി സി മെമ്പര്‍ മുഹമ്മദ് ബ്‌ളാത്തൂര്‍,, മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ടി സി പ്രിയ, നസീമ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഷര്‍മിള എ, ലത എം വി, വസന്ത കെ പി, കുഞ്ഞമ്മ തോമസ്,ഉഷ അരവിന്ദ്, ചഞ്ചലാക്ഷി, ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications